തിരുവനന്തപുരം : ഭരണഘടനാ വിരുദ്ധപരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് സജി ചെറിയാന്. പുനരന്വേഷണം നടത്തണമെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കണം. അതിന് കാരണമായ കാര്യങ്ങളും കോടതി പറഞ്ഞിട്ടുണ്ടാകും. താന്‍ കുറ്റക്കാരനാണെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല. ഇത് അന്തിമ വിധിയില്ലെന്നും അതിന് മുകളില്‍ കോടതിയുണ്ടെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും സജി ചെറിയാന് പറഞ്ഞു.
താനുമായ ബന്ധപ്പെട്ട പ്രശ്നം എന്ന നിലയില്‍ നീതിയുടെ ഭാഗമായി കോടതി തന്നെയും കേള്‍ക്കേണ്ടതായിരുന്നു. കേള്‍ക്കാതിരിക്കാനുള്ള അവകാശവും കോടതിക്കുണ്ടെന്നും സജി ചെറിയാന് പറഞ്ഞു. തന്നെ കേള്‍ക്കാത്തിടത്തോളം കാലം ഹൈക്കോടതിയുടെ ഉത്തരവ് പഠിച്ച് പരിശോധിച്ച ശേഷം നിയമപരമായി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
അന്ന് ധാര്‍മിക പ്രശ്നത്തെ തുടര്‍ന്ന് രാജിവച്ചു. ഇന്ന് അത് ധാര്‍മിക പ്രശ്നമല്ല. പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട്് കോടതിയില്‍ സമര്‍പ്പിച്ചു. കീഴ്ക്കോടതി അത് സാധൂകരിക്കുന്ന തീരുമാനം എടുത്തു. കേസിന്റെ മറ്റ് ഉള്ളടക്കത്തിലേക്ക് കോടതി പോയിട്ടില്ല. പ്രസംഗത്തെ കുറിച്ച് അല്ല, അന്വേഷണത്തെ സംബന്ധിച്ചാണ് കോടതി പറഞ്ഞത്. ഒരു കോടതി പറഞ്ഞു ശരി. മറ്റൊരു കോടതി പറഞ്ഞു തെറ്റെന്ന അതിനുമുകളില്‍ കോടതിയുണ്ട്. നിയമപരമായി മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു.
ഇപ്പോള്‍ താന്‍ കേസില്‍ കക്ഷിയല്ല. തനിക്ക് നിയമനടപടികള്‍ സ്വീകരിക്കാന്‍ അവകാശമുണ്ട്. കോടതി വിധി അംഗീകരിക്കുന്നു. നിമയപരമായി മുന്നോട്ടുപോകും. ഇത് അന്തിമ വിധിയില്ല. താന്‍ മന്ത്രി സ്ഥാനത്ത് തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സജി ചെറിയാന് പറഞ്ഞു.
വിവാദ പ്രസംഗത്തില്‍ സജി ചെറിയാന് ക്ലീന്‍ചീറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ട് തള്ളിയ ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതി വിധിയും ഹൈക്കോടതി റദ്ദാക്കി. കേസില്‍ പുനരന്വേഷണം വേണം. ക്രൈംബ്രാഞ്ചിലെ ക്രെഡിബിലിറ്റിയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഡിജിപിക്ക് നിര്‍ദേശം നല്കി.
പൊലീസിന്റെ അന്വേഷണത്തില്‍ പാളിച്ചയുണ്ടായിയെന്ന് റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് ഹൈക്കോടതി വിലയിരുത്തി. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കുന്തം കുടച്ചക്രം എന്നീ വാക്കുകള്‍ എതു സാഹചര്യത്തിലാണ് ഉപയോഗിച്ചത് എന്ന് പരിശോധിക്കണം. ഫോറന്‍സിക് പരിശോധനയില്ലാതെയാണ് പൊലീസ് റിപ്പോര്‍ട്ടെന്നും കോടതി വിലയിരുത്തി. പ്രസംഗം ഭരണഘടനാ ലംഘനമില്ലെന്ന പൊലീസിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി. ക്രൈംബ്രാഞ്ചിലെ സത്യസന്ധനായ ഉദ്യോഗസ്ഥന് സമയബന്ധിതമായി അന്വേഷണം പുനരന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.