

കൊച്ചി : പശ്ചിമേഷ്യൻ സംഘർഷത്തിനിടെ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട ഇറാൻ നാവികസേനയുടെ ഐആർഐഎസ് ലാവൻ പടക്കപ്പലിലെ 107 നാവികരും 33 ഇറാൻ പൗരൻമാരും കൊച്ചിയിൽ നിന്നു മടങ്ങി. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു ചാർട്ടർ ചെയ്ത വിമാനത്തിൽ അർമേനിയയിലേക്കാണ് സംഘം മടങ്ങിയത്. ഇന്ത്യൻ നേവി കൊച്ചി യൂണിറ്റിന്റെ സഹായത്തോടെയാണ് സംഘം വിമാനത്താവളത്തിൽ എത്തിയത്.
ഇറാൻ സർക്കാർ ഏർപ്പെടുത്തിയ ഫ്ലൈ എക്സ് എയ്റോ വിമാനത്തിൽ ഇന്നലെ വൈകീട്ട് 7 മണിയോടെയാണ് അർമേനിയയിലെ സവാർനോട്സ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് സംഘം മടങ്ങിയത്. കൊളംബോയിൽ നിന്നാണ് വിമാനം കൊച്ചിയിൽ എത്തിയത്.
ഈ മാസം നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്. കപ്പൽ ഏറ്റെടുക്കണമെന്നു ആവശ്യപ്പെട്ട് ഇറാൻ ഇന്ത്യയെ ഫെബ്രുവരി 28നു സമീപിച്ചിരുന്നു. ഈ മാസം ഒന്നാം തീയതിയോടെയാണ് ഇന്ത്യ കപ്പലിനു നങ്കൂരമിടാൻ അനുമതി നൽകിയത്. പിന്നാലെയാണ് നാലിന് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്.
നേരത്തെ നാവികാഭ്യാസത്തിനെത്തിയ ഐആർഐസ് ദേന എന്ന കപ്പൽ അമേരിക്ക ആക്രമണത്തിൽ തകർത്തിരുന്നു. നവികാഭ്യാസത്തിനെത്തിയ മൂന്നാം ഇറാൻ കപ്പലാണിത്. അന്താരാഷ്ട്ര കപ്പൽ ചാലിലേക്ക് കടന്നാൽ യുഎസ് ആക്രമിക്കുമെന്നതിനാലാണ് ലാവൻ കൊച്ചിയിൽ നങ്കൂരമിട്ടത്.