മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിയ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. പ്രതി സെയ്ഫിന്റെ വീട്ടിലെ കോണിപ്പടിയിൽ നിൽക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. സെയ്ഫിന്റെ വീട്ടിലെ സഹായിയായ എലിയാമ ഫിലിപ്പ്സ് എന്ന ലിമയാണ് ഇന്നലെ രാത്രി രണ്ട് മണിയോടെ പ്രതിയെ ആദ്യം കണ്ടത്. സിസിടിവി ക്യാമറകളിൽ ഇയാൾ കെട്ടിടത്തിന് പിന്നിൽ നിന്ന് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതും പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വീട്ടിലെ ഫയർ എസ്കേപ്പ് ഗോവണിയിലൂടെയാണ് പ്രതി സെയ്ഫിന്റെ മുറിയിൽ കയറിപ്പറ്റിയതെന്നും പൊലീസ് വ്യക്തമാക്കി.
ജീവിതപങ്കാളി കരീന കപൂർ, മക്കളായ തൈമൂർ അലി ഖാൻ, ജെ അലി ഖാൻ എന്നിവർക്കൊപ്പം ബാന്ദ്രയിലെ ഫ്ലാറ്റിന്റെ പതിനൊന്നാം നിലയിലാണ് സെയ്ഫ് അലി ഖാൻ കഴിഞ്ഞിരുന്നത്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ഫ്ലാറ്റിൽ വച്ച് സെയ്ഫ് അലി ഖാന് കുത്തേൽക്കുന്നത്. മോഷണശ്രമത്തിനിടെ മോഷ്ടാവുമായുണ്ടായ മൽപിടിത്തത്തിൽ താരത്തിന് കുത്തേറ്റുവെന്നായിരുന്നു വിശദീകരണം. സെയ്ഫ് അലി ഖാൻ്റെ റസിഡൻഷ്യൽ സൊസൈറ്റിയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളെയും മുംബൈ പൊലീസ് ചോദ്യം ചെയ്തു. കൂടുതൽ വിവരങ്ങൾക്കായി സെയ്ഫ് അലി ഖാൻ്റെ സ്റ്റാഫിലെ അഞ്ച് പേരെ മുംബൈ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ആരും സൊസൈറ്റിയിലേക്ക് വരുന്നത് കണ്ടില്ലെന്നാണ് സെക്യൂരിറ്റി ജീവനക്കാരനും പൊലീസിനോട് പറഞ്ഞത്.
താരത്തിന് ആറു കുത്തുകൾ ഏറ്റതായാണ് റിപ്പോർട്ട്. അതിൽ രണ്ടെണ്ണം ആഴത്തിലുള്ളതും ഒരു മുറിവ് നട്ടെല്ലിനോട് ചേർന്ന് അപകടകരമായ നിലയിലുമായിരുന്നു. പരിക്കേറ്റ താരത്തെ ഏകദേശം 3.30 ഓട് കൂടിയാണ് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ന്യൂറോസർജന്മാർ ഉൾപ്പെടുന്ന സംഘമാണ് താരത്തിന് ശസ്ത്രക്രിയ നടത്തിയത്. ആക്രമണത്തിന് പിന്നാലെ മുംബൈ പൊലീസിൻ്റെ ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ശേഷം മുംബൈ പൊലീസ് ഉദ്യോഗസ്ഥർ പ്രദേശവാസികളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.