മുംബൈ : ബാന്ദ്രയിലെ വീട്ടിലെ മോഷണ ശ്രമത്തിനിടെ അക്രമിയുടെ കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്ന നടൻ സെയ്ഫ് അലി ഖാൻ സുഖം പ്രാപിച്ചു വരികയാണെന്ന് ഡോക്ടർമാർ. തിങ്കളാഴ്ച അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുമെന്നും ലീലാവതി ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. വ്യാഴാഴ്ച അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ സെയ്ഫ് അലി ഖാന്റെ നട്ടെല്ലിൽ നിന്ന് കത്തിയുടെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെ സെയ്ഫിനെ ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റി. അദ്ദേഹം അപകടനില തരണം ചെയ്തു. അദ്ദേഹം പൂർണമായും സന്തോഷവാനാണ്. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യും. – ലീലാവതി ആശുപത്രി സിഒഒ ഡോ നീരജ് ഉത്തമനി പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം സെയ്ഫ് അലി ഖാന്റെ ഭാര്യ കരീന കപൂർ ബാന്ദ്ര പൊലീസിൽ മൊഴി രേഖപ്പെടുത്തി.
ബാന്ദ്രയിലെ വസതിയിലെത്തിയാണ് പൊലീസ് കരീനയുടെ മൊഴി എടുത്തത്. ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 30 ലധികം പേരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ചര മണിക്കൂർ നീണ്ട ശസ്ത്രക്രിയ്ക്കാണ് സെയ്ഫ് വിധേയനായത്. അതേസമയം സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതിയുടെ പുതിയ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.
കുറ്റകൃത്യത്തിനുശേഷം പ്രതി പുറത്തെത്തി വസ്ത്രം മാറിയതായും തുടർന്ന് ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ എത്തിയതായും പൊലീസിന് വിവരം ലഭിച്ചു. നീല ഷർട്ട് ഇട്ട് റെയിൽവേ സ്റ്റേഷനിലേക്ക് കയറിപ്പോകുന്ന അക്രമിയുടെ ചിത്രങ്ങളാണ് പൊലീസിന് ലഭിച്ചത്.
പ്രതി ഒറ്റക്കല്ലെന്നും ഇയാളെ സഹായിക്കാൻ മറ്റാളുകൾ ഉണ്ടെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്. സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു അധോലോക സംഘവും ഉൾപ്പെട്ടിട്ടില്ലെന്നും മോഷണം മാത്രമായിരുന്നു ലക്ഷ്യമെന്നും മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം വെള്ളിയാഴ്ച പ്രതികരിച്ചിരുന്നു.