കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍താരം സഹല്‍ അബ്ദുൾ സമദിനെ സ്വന്തമാക്കാന്‍ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ് ഒരുങ്ങുന്നതായി സൂചന. ഇന്ത്യൻ താരങ്ങളുടെ ഇതുവരെയുള്ള ട്രാൻസ്ഫറിൽ ഏറ്റവും കൂടിയ തുകയ്ക്കാവും കൊൽക്കത്ത വമ്പൻമാർ സഹലിനെ സ്വന്തമാക്കുക.മോഹന്‍ ബഹാന്‍ സൂപ്പർ ജയന്റ്സ് 2.5 കോടിയോളം രൂപ മുടക്കാൻ തയാറാണെന്നാണ് റിപ്പോർട്ട്.
സഹലിനു പകരമായി ഒരു താരത്തേയും ബ്ലാസ്റ്റേഴ്സിനു ലഭിക്കുമെന്ന് ഐഎഫ്ടിഡബ്ല്യുസി റിപ്പോർട്ട് ചെയ്തു. ലിസ്റ്റൺ കൊളാസോയെ ലഭിച്ചേക്കുമെന്നാണ് വിവരം.മുംബൈ സിറ്റി എഫ്സി, ചെന്നൈയിന് എഫ്സി തുടങ്ങിയ ക്ലബുകളും സഹലിനായി രംഗത്തുണ്ടെന്നും വിവരങ്ങളുണ്ട്. എന്നാല്‍ മോഹന്‍ ബഗാനിലേക്ക് പോകാനാണ് കൂടുല്‍ സാധ്യത.
നിലവില്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിധ്യം കൂടിയായ സഹലിനെ സ്വന്തമാക്കാന്‍ സൗദി പ്രോ ലീഗില്‍ നിന്ന് ഓഫറുകളുണ്ടായിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്സില്‍ 2025 വരെ സഹലിന് കരാറുണ്ട്. ബ്ലാസ്റ്റേഴ്സിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരം കൂടിയാണ് സഹല്‍. കഴിഞ്ഞ ആറു വര്‍ഷമായി ബ്ലാസ്റ്റേഴ്സ് ജഴ്സിയിലാണ് ഈ 26കാരന് കളിക്കുന്നത്.
അതേസമയം, രണ്ട് ദിവസത്തിനകം കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക പ്രീസീസണ് ക്യാമ്പ് ആരംഭിക്കും. വ്യക്തിപരമായ കാരണങ്ങളാല്‍ കുറച്ച് ദിവസം ടീമിനൊപ്പം ഉണ്ടാകില്ലെന്ന് സഹല്‍ ടീം മാനേജ്മെന്റിനെ അറിയിച്ചു. ബഗാൻ പ്രതിരോധ താരം പ്രീതം കോട്ടാലിനെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്നുണ്ട്. നേരത്തേ മോഹന്‍ ബഗാന്റെ പ്രബീർ ദാസിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു.