കോഴിക്കോട് : രാമക്ഷേത്രത്തിൻ്റെ പേരിലെ രാഷ്ട്രീയക്കളി അംഗീകരിക്കാനാവില്ലെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. രാജ്യം ഭരിക്കുന്നവരുടെ അജണ്ട വിദ്വേഷം പ്രചരിപ്പിക്കലാണെന്നും അദ്ദേഹം വിമർശിച്ചു. മുസ്ലിം ലീഗ് കോഴിക്കോട്ട് സംഘടിപ്പിച്ച മഹാറാലിയിൽ സംസാരിക്കുകയായിരുന്നു സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.
ശ്രീരാമനെ എല്ലാവരും ആദരവോടെ കാണുന്നു. രാമക്ഷേത്രത്തിൻ്റെ പേരിലെ രാഷ്ട്രീയക്കളി അംഗീകരിക്കാനാവില്ല. അതിൽ വീഴാൻ മാത്രം മണ്ടന്മാരല്ല ഇന്ത്യക്കാർ. ബാബറി മസ്ജിദിൽ ലീഗിനെ കെട്ടിയിടാനാവില്ല. ചരിത്ര യാഥാർഥ്യം ഉൾക്കൊണ്ട് മുസ്ലിംങ്ങളെ രക്ഷിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. വിയോജിപ്പുകളെ ഭരണകൂടം അംഗീകരിക്കാത്ത സ്ഥിതിയാണ്. എതിർ സ്വരങ്ങൾ ഇല്ലാതാക്കാനാണ് ശ്രമം.- അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ പട്ടിണിയും മറ്റു പ്രശ്നങ്ങളും ബിജെപിക്ക് കാര്യമല്ലെന്നും ഇന്ത്യൻ ജനതയുടെ വൈകാരികത ചൂഷണം ചെയ്യുകയാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തെ അയോധ്യയില്‍ കെട്ടിയിടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ആഞ്ഞുപിടിച്ചാല്‍ ഇന്ത്യ മുന്നണിക്ക് ബിജെപിയെ അധികാരത്തില്‍നിന്ന് തുരത്താം. ബാബരി പള്ളിയുടെ തകർച്ചയുടെ വേദനയിൽ കഴിയുന്നവർ അല്ല മുസ്ലിങ്ങൾ. ഒരുപാട് മുന്നോട്ട് പോകാൻ ഉണ്ട്. തമ്മിലടിപ്പിക്കാൻ നടക്കുന്നവരെ ചെറുത്ത് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.