ജയ്പുർ: പുതിയ പാർട്ടി പ്രഖ്യാപനത്തിനായി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ഞായറാഴ്ച റാലി നടത്തില്ലെന്ന് സൂചന. പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനമായ ജൂൺ 11ന് സച്ചിൻ പൈലറ്റ് റാലി നടത്തുമെന്നും കോൺഗ്രസ് വിട്ട് ‘പ്രഗതിശീൽ കോൺഗ്രസ്’ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഞായറാഴ്ച റാലി നടത്തില്ലെന്ന് അറിയിച്ച സച്ചിൻ പൈലറ്റ് പക്ഷത്തെ നേതാക്കൾ, സച്ചിൻ പാർട്ടി വിടുമെന്ന വാർത്ത അഭ്യൂഹം മാത്രമെന്നും വ്യക്തമാക്കി.
അതേസമയം, വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുൻ ബിജെപി സർക്കാരിന്റെ അഴിമതി അന്വേഷിക്കണമെന്നും രാജസ്ഥാൻ പബ്ലിക് സർവീക് കമ്മിഷൻ (പിഎസ്സി) പുനഃസംഘടിപ്പിക്കുക, ചോദ്യപ്പേപ്പർ ചോർച്ചയിൽ ഇരകളായ ഉദ്യോഗാർഥികള്‍ക്ക് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും സച്ചിൻ പൈലറ്റ് പക്ഷം വ്യക്തമാക്കി. ഈ മൂന്ന് ആവശ്യങ്ങളോട് പാർട്ടി എങ്ങനെയാണോ പ്രതികരിക്കുന്നത് അതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
അശോക് ഗെലോട്ടും കൊമ്പുകോർത്തുനിൽക്കുന്ന സച്ചിനും തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് പലവട്ടം ചർച്ച നടത്തിയിരുന്നു. ഒടുവിൽ കഴിഞ്ഞ മാസം 29നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മുൻകയ്യെടുത്തു ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിക്കുകയും പ്രശ്നം തീർന്നതായി നേതൃത്വം അവകാശപ്പെടുകയും ചെയ്തിരുന്നു. അതിനിടെയാണ് സച്ചിൻ പാർട്ടി വിട്ടേയ്ക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.