ശബരിമല : വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് കര്‍ശനനിയന്ത്രണങ്ങളോടെ പാസ് നല്കി ദര്‍ശനത്തിന് അവസരമൊരുക്കാന്‍ തീരുമാനം. ദേവസ്വം ബോര്‍ഡും പൊലീസും നടത്തിയ ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് ധാരണയിലെത്തി. മുന്‍പ് സ്പോട്ട് ബുക്കിങ്ങിനായി ഇടത്താവളങ്ങള്‍ ഉള്‍പ്പടെ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത്തവണ കൗണ്ടറുകളുടെ എണ്ണം കുറയ്ക്കും. ഫോട്ടോയും തിരിച്ചറിയില്‍ രേഖയായി ആധാറും നിര്‍ബന്ധമാക്കും. ഇങ്ങനെ ദര്‍ശനത്തിന് അവസരം നല്‍കുന്നതിന് സ്പോട്ടിങ് ബുക്കിങ് എന്നുതന്നെ പേരിടണമോ എന്ന കാര്യത്തില്‍ തീരുമാനമായില്ല.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്, അംഗങ്ങളായി എം അജിത് കുമാര്‍, ജി സുന്ദരേശ്വന് എന്നിവരുമായി എഡിജിപി ശ്രീജിത്ത് ഇന്നലെ ചര്‍ച്ച നടത്തി. ചര്‍ച്ചയിലെ ധാരണകള്‍ മുഖ്യമന്ത്രിയെ അറിയിക്കും. സര്‍ക്കാരാണ് അന്തിമതീരുമാനം എടുക്കുക.
ഇടത്താവളങ്ങളില്‍ ഇത്തരത്തില്‍ സ്പോട്ട് ബുക്കിങ് വേണ്ടെന്നാണ് പൊലിസിന്റെ നിര്‍ദേശം. വെര്‍ച്വല്‍ ക്യൂ ഇല്ലാതെ വരുന്ന തീര്‍ഥാടകര്‍ക്ക് നിലയ്ക്കലിലോ, പമ്പയിലോ പാസ് നല്കി ദര്‍ശനത്തിന് കടത്തിവിടാനാണ് ആലോചന. ഫോട്ടോ ഉള്‍പ്പടെയുള്ള പാസാണ് നല്‍കുന്നത്