ശബരിമല: ശബരിമലയിൽ തുടർച്ചയായ രണ്ടാംദിവസവും പതിനെട്ടാംപടി കടക്കുന്ന തീർഥാടകരുടെ എണ്ണം ഒരുലക്ഷം കടന്നു. മരക്കൂട്ടം വരെയാണ് തീർഥാടകരുടെ നിര നീളുന്നത്. അതേസമയം, തിരക്ക് കൂടുതലാണെങ്കിലും മണിക്കൂറിൽ 4,800 തീർഥാടകർ പതിനെട്ടാംപടി ചവിട്ടുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. തീർഥാടകരിൽ കുട്ടികളും പ്രായമായവരും ഇന്നും ഏറെയുണ്ട്. ഈമാസം പത്തു മുതൽ സ്പോട്ട് ബുക്കിംഗ് നിർത്തലാക്കുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ തിരക്ക് കൂടാനാണ് സാധ്യത.
മകരവിളക്കിനോടനുബന്ധിച്ച് വെര്‍ച്വല്‍ ക്യൂ ബുക്കിംഗിന്റെ എണ്ണവും കുറച്ചിട്ടുണ്ട്. 14ന് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പരിധി 50,000ഉം മകരവിളക്ക് ദിനമായ 15ന് വെര്‍ച്വല്‍ ക്യൂബുക്കിംഗ് പരിധി 40,000 ഉം ആയി പരിമിതപ്പെടുത്തി. മകരവിളക്ക് ദിവസം ജ്യോതിദര്‍ശനത്തിനായി കൂടുതല്‍ പേർ തീര്‍ഥാടനപാതകളില്‍ തമ്പടിക്കുന്നതിനാലും ദര്‍ശന സമയത്തിലെ കുറവും കണക്കിലെടുത്ത് പോലീസ് നിര്‍ദേശ പ്രകാരമാണ് ദേവസ്വം ബോര്‍ഡ് തീരുമാനം.
16 മുതല്‍ 20 വരെയുള്ള തീയതികളില്‍ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേസമയം, സന്നിധാനത്ത് അരവണക്ഷാമം പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല. ഒരാൾക്ക് അഞ്ചു ടിൻ അരവണ എന്ന കണക്കിലാണ് ഇപ്പോൾ നല്‍കുന്നത്. കൂടുതൽ കണ്ടെയ്നറുകൾ എത്തിച്ച് ഉടൻതന്നെ പ്രശ്നം പരിഹരിക്കുമെന്നാണ് ദേവസ്വം ബോർഡ് വ്യക്തമാക്കുന്നത്.