പത്തനംതിട്ട: ചിത്തിര ആട്ടവിശേഷ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിനാണ് നട തുറക്കുക. ശനിയാഴ്ചയാണ് ആട്ട ചിത്തിര. പൂജകൾ പൂർത്തിയാക്കി രാത്രി 10ന് തിരുനട അടയ്ക്കും.
മണ്ഡകാല – മകരവിളക്ക് ഉൽസവത്തിനായി നവംബർ 16ന് വൈകുന്നേരം അഞ്ചിന് നടതുറക്കും. അന്ന് തന്നെ പുതിയ ശബരിമല – മാളികപ്പുറം മേൽശാന്തിമാരുടെ അവരോധിയ്ക്കൽ ചടങ്ങും നടക്കും.ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിലാണ് കലശാഭിഷേക ചടങ്ങുകൾ നടക്കുക.
നവംബർ 17ന് ആണ് വൃശ്ചികം ഒന്ന്. അന്നേ ദിവസം അയ്യപ്പന്റേയും മാളികപ്പുറത്തമ്മയുടെയും തിരുനടകൾ തുറക്കുന്നത് പുതിയ മേൽശാന്തിമാരായിരിക്കും. ഡിസംബർ 26ന് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന. 27 ന് ആണ് മണ്ഡലപൂജ. അന്ന് രാത്രി ഹരിവരാസനം പാടി അടക്കുന്ന തിരുനട മകരവിളക്ക് ഉൽസവത്തിനായി 30 ന് വൈകുന്നേരം വീണ്ടും തുറക്കും.
2024 ജനുവരി 15 ന് ആണ് മകരവിളക്ക്. ജനുവരി 19 ന് രാവിലെ തിരുനട അടയ്ക്കുന്നതോടെ ഒരു തീർഥാടന കാലത്തിന് പരിസമാപ്തിയാകും.