പത്തനംതിട്ട : ശബരിമല ഇടത്താവളമായ നിലയ്ക്കലിൽ ഇരു ക്ഷേത്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാത (കോൺകോസ് ) വരുന്നു. ശബരിമല മാസ്റ്റർ പ്ലാനിൽ സംസ്ഥാന സർക്കാർ കോടികൾ മാറ്റിവെച്ച് ഒമ്പതേക്കറിലെ വികസനമാണ് നടത്തുന്നത്. നിലയ്ക്കലിൽ ക്ഷേത്രങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന കോൺകോസും അനുബന്ധ നിർമാണങ്ങളുമാണ് പദ്ധതിയുടെ ഭാഗമായുള്ളത്. നിലയ്ക്കൽ മഹാദേവ ക്ഷേത്രവും പള്ളിയറക്കാവ് ഭഗവതി ക്ഷേത്രവും തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാതയാണ് നിലയ്ക്കൽ കോൺകോസ്.
പദ്ധതിയ്ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. മാസ്റ്റർ പ്ലാനും തയാറായ പദ്ധതി ടെൻഡർ നടപടികളിലേയ്ക്ക് കടന്നിരിക്കുന്നു.ഇരു ക്ഷേത്രങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന അത്യാധുനിക രീതിലുള്ള നടപ്പാതയാണ് നിർമിക്കുക. 450 മീറ്റർ നീളത്തിൽ 50 മീറ്റർ വീതിയിൽ നിർമിക്കുന്ന നടപ്പാതയിൽ കൃഷ്ണശില പാകും. പാത കടന്ന് പോകുന്ന വഴിയിൽ അരുവി മുറിച്ച് കടക്കാനായി നടപ്പാലം നിർമാണവും പദ്ധതിയിലുണ്ട്. കൂടാതെ പാതയിൽ ഉടനീളം പൊലീസ് എയ്ഡ് പോസ്റ്റ്, മെഡിക്കൽ സെന്ററുകൾ, കുടിവെള്ള സംവിധാനം തുടങ്ങിയ ആവശ്യങ്ങൾക്കായി നിരവധി കിയോസ്കുകളും കോൺകോസിലുണ്ടാകും. തീർഥാടകർക്ക് വിശ്രമിക്കാൻ മേൽക്കൂരയോട് കൂടിയ വിശാലമായ നിരവധി വിശ്രമ പന്തലുകളും അടങ്ങുന്നതാണ് നിർമാണം. ഭക്ഷണം വിതരണം ചെയ്യാൻ ഒന്നിലധികം ചെറിയ അന്നദാന മണ്ഡപങ്ങളുമുണ്ട്. ഭക്ഷണം വിതരണം ചെയ്യാനുള്ള സൗകര്യം മാത്രമാണ് ഇവിടെ ഒരുക്കുക.