ശബരിമല : മകരസംക്രമസന്ധ്യയിൽ പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരജ്യോതി ദർശിക്കാൻ ശബരിമലയിൽ ശരണഘോഷങ്ങളുമായി ഭക്തലക്ഷങ്ങൾ. പൂങ്കാവനത്തിൽ ശരണ മന്ത്രങ്ങൾ മുഴങ്ങുന്ന പർണ്ണശാലകൾ നിറഞ്ഞു.മകരവിളക്ക് ദിനമായ ഇന്ന് പുലർച്ചെ രണ്ടിന് നട തുറക്കും.
2.46ന് മകരസംക്രമ പൂജ. കവടിയാർ കൊട്ടാരത്തിൽ നിന്ന് കൊണ്ടുവരുന്ന നെയ് തേങ്ങയിലെ നെയ്യ് അയ്യപ്പസ്വാമിക്ക് അഭിഷേകം നടത്തും. വൈകിട്ട് അഞ്ചിനാണ് നടതുറക്കുക. 5.30ന് ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂർവ്വം സ്വീകരിക്കും. 6.15ന് കൊടിമരച്ചുവട്ടിൽ തിരുവാഭരണ പേടകത്തെ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, മെമ്പർമാരായ അഡ്വ.എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവർ ചേർന്ന് സ്വീകരിക്കും. ശ്രീകോവിലിന് മുന്നിലെത്തിക്കുന്ന പേടകം തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരിയും ചേർന്ന് സ്വീകരിച്ച് ശ്രീകോവിലിലേക്ക് ആനയിക്കും. 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധന. തുടർന്ന് നടതുറക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മകരജ്യോതിയും ആകാശത്ത് മകരസംക്രമ നക്ഷത്രവും തെളിയുന്നതോടെ സർവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയുടെ പുണ്യ ദർശനം.
രാത്രി മണിമണ്ഡപത്തിൽ കളമെഴുത്ത്. തുടർന്ന് പതിനെട്ടാംപടിക്ക് മുന്നിലേക്ക് അയ്യപ്പ സ്വാമിയുടെ എഴുന്നള്ളിപ്പും നായാട്ട് വിളിയും. 18 വരെ തിരുവാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാം. നെയ്യഭിഷേകം 19 വരെ മാത്രം. 19ന് മണിമണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത്. 20ന് രാത്രി 10ന് മാളികപ്പുറം സന്നിധിയിൽ വലിയ ഗുരുതി. 20ന് രാത്രി ഹരിവരാസനം വരെ ഭക്തർക്ക് ദർശനം. 21ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് പന്തളം രാജപ്രതിനിധി ശബരീശദർശനം നടത്തിയ ശേഷം ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് അയ്യപ്പസ്വാമിയെ യോഗനിദ്രയിലാക്കും. തുടർന്ന് ശ്രീ കോവിൽ നടയടയ്ക്കും.