തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഭാരത് അരിയെ നേരിടാനുള്ള സംസ്ഥാന സർക്കാരിന്റെ ബദൽ വിതരണ പദ്ധതി ശബരി കെ റൈസ് ഇന്നുമുതൽ വിപണിയിലെത്തും. സപ്ലൈകോയുടെ അരിവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ അയ്യങ്കാളി ഹാളിൽ ഇന്നുച്ചയ്ക്ക് 12ന് നിർവഹിക്കും. മന്ത്രി ജി ആർ അനിൽ അദ്ധ്യക്ഷനായിരിക്കും.
ശബരി കെ ബ്രാൻഡിൽ ജയ അരി 29 രൂപ നിരക്കിലും കുറുവ, മട്ട അരി 30 രൂപ നിരക്കിലുമാണ് വിതരണം ചെയ്യുന്നത്. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് അഞ്ച് കിലോഗ്രാം അരി ലഭിക്കും. തിരുവനന്തപുരം മേഖലയിൽ ജയ അരിയും, കോട്ടയം എറണാകുളം മേഖലകളിൽ മട്ട അരിയും, കോഴിക്കോട് മേഖലയിൽ കുറുവ അരിയുമാണ് വിതരണം ചെയ്യുക.13-14 രൂപയുടെ തുണി സഞ്ചിയിലായിരിക്കും അരി വിതരണം നടത്തുന്നത്. സഞ്ചിയുടെ ചെലവ് 10 ലക്ഷത്തിൽ താഴെയാണ്. ഈ തുക സപ്ലൈകോയുടെ പ്രൊമോഷൻ, പരസ്യ ബഡ്ജറ്റിൽ നിന്നുമാണ് കണ്ടെത്തുന്നത്. സപ്ലൈകോയിൽ ഈ ആഴ്ചതന്നെ എല്ലാ സബ്സിഡി സാധനങ്ങളുമെത്തുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ചെറുപയർ, ഉഴുന്ന്, മുളക് അടക്കമുള്ളവ ഗോഡൗണുകളിലെത്തിയെന്നും മന്ത്രി അറിയിച്ചിരുന്നു.
സഞ്ചിയിലൂടെ സപ്ലൈകോ ബ്രാൻഡിംഗ്
സപ്ലൈകോയുടെയും ശബരി ബ്രാൻഡ് ഉത്പന്നങ്ങളുടെയും പ്രൊമോഷന്റെ ഭാഗമായിട്ടാണ് ശബരി കെ റൈസ് ബ്രാൻഡഡ് സഞ്ചിയിൽ നൽകുന്നത്. റേഷൻ കടകളിലെ അരിയാണ് ഭാരത് അരിയായി നൽകുന്നത്. ഭാരത് അരി വില്പനയിലൂടെ കിലോയ്ക്ക് 10.41 രൂപയുടെ ലാഭമാണ് വിതരണക്കാരായ എൻ.എ.എഫ്.ഇ.ഡി, എൻ.സി.സി.എഫ് സ്ഥാപനങ്ങൾ നേടുന്നത്. എന്നാൽ 9.50 മുതൽ 11.11 രൂപയുടെ ബാദ്ധ്യത സർക്കാർ ഏറ്റെടുത്താണ് കെ റൈസ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.