കൊച്ചി: രാജസ്ഥാൻ റോയൽസിനെയും നായകൻ സഞ്ജു സാംസണെയും പിന്തുണച്ച് ഇന്ത്യൻ മുൻ താരം എസ് ശ്രീശാന്ത്. ഇത്തവണ സഞ്ജുവിന്റെ ക്യാപ്റ്റൻസിയിൽ റോയൽസ് കപ്പടിക്കുമെന്ന് ശ്രീശാന്ത് പറഞ്ഞു. ഐപിഎല്ലിൻറെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർ കൊച്ചിയിൽ ഒരുക്കിയ വേദിയിൽ സഞ്ജുവിനെയും മുൻ താരം ടിനു യോഹന്നാനെയും ഒപ്പമിരുത്തിയായിരുന്നു ശ്രീശാന്തിന്റെ പ്രവചനം.
‘‘മലയാളിയുടെ ധൈര്യവും വാശിയും സഞ്ജുവിൻറെ കയ്യിലുണ്ട്. അത് അവൻറെ കണ്ണിലുണ്ട്. ഞാനും ഈ കളി കളിച്ചയാളാണ്. അന്ന് കണ്ടപ്പോഴെ സഞ്ജു താരമാകുമെന്ന് എനിക്ക് അറിയാമായിരുന്നു. അന്ന് ദ്രാവിഡ് ഭായിയോട് പറഞ്ഞത്, ഓരോവറിൽ എന്നെ ആറു സിക്സ് അടിച്ചവനാണ്, അവൻ ആരെയും അടിക്കും എന്നാണ്. അത് നുണയായിരുന്നു. പിന്നീട് സഞ്ജു എല്ലാവർക്കെതിരേയും സിക്സറുകൾ വാരിക്കൂട്ടി. അങ്ങനെ ഞാൻ പണ്ടുപറഞ്ഞിട്ടുള്ള ആ കാര്യം സത്യമായി വരികയും ചെയ്തു. ഈയൊരു നിമിഷത്തിൽ എനിക്കു പറയാനുളളത് ഈ വർഷത്തെ ഐപിഎൽ ട്രോഫി രാജസ്ഥാൻ റോയൽസിനും സഞ്ജുവിനുമായിരിക്കുമെന്നാണ്’’ -ശ്രീശാന്ത് പറഞ്ഞു.
രണ്ടു പേരും പുതിയ സീസണിന് മുന്നോടിയായി സഞ്ജുവിന് ഉപദേശങ്ങളും കൈമാറി. ‘സുവർണകാലം വരുകയാണ്, എൻജോയ് ചെയ്യൂ’ എന്നായിരുന്നു ടിനു യോഹന്നാൻറെ വാക്കുകൾ. ‘സഞ്ജുവിന് ഉപദേശങ്ങളൊന്നും വേണ്ട, ഇവന് എല്ലാം അറിയാം. ഇപ്പോ ചെയ്യുന്നത് തന്നെ ചെയ്യൂ, കപ്പടിക്കൂ’ എന്നായിരുന്നു ശ്രീശാന്തിൻറെ ഉപദേശം. ശ്രീഭായിയുടെ വാക്കുകൾ ഇങ്ങനെയാണെങ്കിലും വാട്സ് ആപ്പിൽ ഒരുപാട് ഉപദേശങ്ങൾ അയക്കാറുണ്ടെന്ന് സഞ്ജു പറഞ്ഞു. ടിനു ചേട്ടനിൽ നിന്നാണ് ശ്രീഭായ്ക്ക് പ്രചോദനം. ഇവർ രണ്ടു പേരിൽനിന്നും പ്രചോദനമായാണ് ഞാൻ കളിച്ചത്. ഇതിങ്ങനെ കൈമാറി വരികയാണ്. ആരെങ്കിലും എന്നിൽനിന്ന് പഠിച്ച് ഇന്ത്യയ്ക്ക് വേണ്ടി കളിക്കട്ടെയെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഞ്ജു പറഞ്ഞു.
2022 സീസണിൽ സഞ്ജുവിന്റെ കീഴിൽ രാജസ്ഥാൻ ഫൈനൽ വരെയെത്തിയിരുന്നു. പ്രഥമ ഐപിഎൽ ജേതാക്കളായ രാജസ്ഥാന് പിന്നീട് കിരീടം നേടാനോ ഫൈനൽ കാണാനോ പോലും കഴിഞ്ഞിരുന്നില്ല. സഞ്ജു, ജോസ് ബട്ട്ലർ, യശ്വസി ജയ്സ്വാൾ, ഷിമ്റോൺ ഹെറ്റ്മെയർ, ട്രെന്റ് ബോൾട്ട്, ആർ അശ്വിൻ അടക്കം ഒരുപിടി മികച്ച താരങ്ങളാൽ സമ്പന്നമാണ് രാജസ്ഥാൻ ഈ സീസണിലും.