ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നില നിന്നിരുന്ന റേസിസത്തിലേക്കും ഉത്തരേന്ത്യൻ ലോബി എന്ന ആരോപണത്തിലേക്കും വെളിച്ചം വീശുന്ന വെളിപ്പെടുത്തലുമായി എസ് ശ്രീശാന്ത്. തന്റെ ജീവിതത്തിൽ ഉടനീളം ഇന്ത്യൻ ടീമിലെ സഹതാരങ്ങളിൽ നിന്ന് മദ്രാസി വിളികൾ കേൾക്കേണ്ടി വന്നുവെന്നാണ് ശ്രീശാന്ത് വെളിപ്പെടുത്തിയത്. ‘ദി രൺവീർ ഷോ’യിൽ സംസാരിക്കവേ ആയിരുന്നു ശ്രീശാന്തിന്റെ വെളിപ്പെടുത്തൽ.
തന്റെ കരിയറിന്റെ തുടക്ക കാലം മുതൽ മദ്രാസി വിളികൾ കേൾക്കേണ്ടി വന്നുവെന്നാണ് ശ്രീശാന്ത് പറയുന്നത്. അണ്ടർ-13 ടീം മുതൽ അണ്ടർ 19 വരെ ഇത് തന്നെയായിരുന്നു അവസ്ഥ എന്നും മുംബൈക്ക് താഴെയുള്ള ഏത് ഇടത്തിൽ നിന്നുള്ളവരും അവർക്ക് മദ്രാസി ആയിരുന്നുവെന്നും ശ്രീശാന്ത് പറയുന്നു. പൊതുവെ ദക്ഷിണേന്ത്യയിൽ നിന്നുള്ളവർക്ക് പ്രത്യേകിച്ച് കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വരുന്നവർക്ക് രാജ്യ തലസ്ഥാനത്തും ഹിന്ദി ഹൃദയഭൂമിയിലും മദ്രാസി വിളികളാണ് നേരിടേണ്ടി വന്നിരുന്നത്. അതിന്റെ ഒരു പരിച്ഛേദം ഇന്ത്യൻ ക്രിക്കറ്റിലും നിഴലിച്ചിരുന്നു എന്നാണ് ഇപ്പോൾ ശ്രീശാന്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്. വലിയ ചർച്ചകളിലേക്ക് വഴിയൊരുക്കാൻ ഇടയുള്ള വെളിപ്പെടുത്തലാണ് താരം ഇപ്പോൾ നടത്തിയത്.
ഒരു ഐപിഎൽ സീസണിൽ മാത്രം ഭാഗമായിരുന്ന കൊച്ചി ടസ്കേഴ്സിനെ കുറിച്ചും ശ്രീശാന്ത് ശ്രദ്ധേയമായ വെളിപ്പെടുത്തലുകൾ നടത്തി. തനിക്ക് ഇപ്പോഴും അവർ പണം നൽകാനുണ്ടെന്നും അന്ന് കളിച്ചതിന് കൃത്യമായ പ്രതിഫലം നൽകാൻ അവർക്ക് കഴിഞ്ഞിരുന്നില്ലെന്നും താരം ആരോപിക്കുന്നു. 2011 ഐപിഎൽ എഡിഷനിൽ മുൻ ഇന്ത്യൻ പേസർ ടീമിന്റെ ഭാഗമായിരുന്നു. എന്നാൽ അടുത്ത സീസണിന് മുൻപ് തന്നെ കൊച്ചി ടസ്കേഴ്സിനെ ഐപിഎല്ലിൽ നിന്ന് പുറത്താക്കിയിരുന്നു. അന്ന് ശ്രീശാന്തിന് പുറമെ പല വമ്പൻ താരങ്ങളും ടീമിന്റെ ഭാഗമായിരുന്നു എന്നതാണ് ശ്രദ്ധേയം. എന്നിട്ടും കൃത്യമായി പ്രതിഫലം നൽകാൻ മാനേജ്മെന്റിന് കഴിഞ്ഞില്ലെന്നാണ് ശ്രീശാന്ത് ആരോപിക്കുന്നത്. അവർഇപ്പോഴും ധാരാളം പണം നൽകാനുണ്ട്. അവർ ഇപ്പോഴും നൽകിയിട്ടില്ല. നിങ്ങൾക്ക് മുരളീധരൻ സാറിനെ (മുത്തയ്യ മുരളീധരൻ) വിളിക്കാം, നിങ്ങൾക്ക് മഹേലയെ (മഹേല ജയവർദ്ധനെ) വിളിക്കാം, നിങ്ങളുടെ ഷോയിൽ അവരോട് ചോദിക്കൂ. കൂടാതെ മക്കല്ലവും ജഡേജയും ഉണ്ടായിരുന്നു” ശ്രീശാന്ത് വെളിപ്പെടുത്തി.