തിരുവനന്തപുരം: എംപുരാൻ സിനിമ 200 കോടി ക്ലബ്ബിൽ കയറിയത് സിനിമയെ വിമർശിച്ചവർക്കുള്ള തിരിച്ചടിയാണെന്ന വാദം ബാലിശമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു. എംപുരാനെ സാമ്പത്തികമായി പരാജയപ്പെടുത്തുക എന്നതായിരുന്നില്ല ഇതിനെ എതിർത്തവർ ലക്ഷ്യം വച്ചത്. ആവേശത്തോടെ എംപുരാൻ കാണാൻ പോയവർ തന്നെയാണ് അതിനെതിരെ തിരിഞ്ഞതെന്നും ആർ വി ബാബു പറഞ്ഞു.
ഏകപക്ഷീയമായി ഹിന്ദുക്കളെ അക്രമകാരികളും മത തീവ്രവാദികളെ ഇരകളുമാക്കി ചിത്രീകരിച്ച ചരിത്ര വിരുദ്ധമായ ഒരു സിനിമയെ പൊതു സമൂഹത്തിൽ തുറന്ന് കാണിക്കാനാണ് ഈ എതിർപ്പ് കൊണ്ട് ഉദ്ദേശിച്ചത്. അത് നൂറ് ശതമാനവും വിജയം കണ്ടുവെന്നതാണ് എതിർത്തവർ നേടിയ വിജയമെന്നും ആർ വി ബാബു ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഗോധ്രയെ ഒഴിവാക്കി ഒരു ഗുജറാത്ത് കലാപവുമില്ല എന്ന് സ്ഥാപിക്കാൻ ഈ വിവാദത്തിന് കഴിഞ്ഞു. ഒപ്പം ഹിന്ദു വിരുദ്ധ പക്ഷത്തിൻ്റെ നിലപാടുകളിലെ കാപട്യം തുറന്ന് കാണിക്കാനും എംപുരാൻ വിവാദത്തിന് കഴിഞ്ഞുവെന്നും ആർ വി ബാബു അവകാശപ്പെട്ടു. സംഘപരിവാർ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് എംപുരാൻ സിനിമയിൽ നിന്നും ഏതാനും ഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.