ന്യൂഡൽഹി: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനാകുമെന്ന് നേരത്തേ സൂചന ലഭിച്ചിരുന്നതായി ഋതുരാജ് ഗെയ്ക്ക്വാദ്. കഴിഞ്ഞവർഷംതന്നെ ഇതുസംബന്ധിച്ച സൂചന ലഭിച്ചിരുന്നു. ധോനി പലപ്പോഴും തയ്യാറായിരിക്കാൻ നിർദേശം നൽകിയിരുന്നതായും സർപ്രൈസ് ആവരുതെന്ന് പറഞ്ഞിരുന്നതായും ഗെയ്ക്ക്വാദ് വ്യക്തമാക്കി. ഇന്നലെ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തോൽപ്പിച്ചത്. ക്യാപ്റ്റനെന്ന നിലയിൽ ഋതുരാജും കളം നിറഞ്ഞ് നിന്നിരുന്നു.
2020-ലാണ് ഋതുരാജ് ഗെയ്ക്ക്വാദ് ചെന്നൈയിലെത്തുന്നത്. വളരെ ശാന്ത സ്വഭാവക്കാരനും മിതഭാഷിയുമായ ഗെയ്ക്ക്വാദ് പക്ഷേ, മികച്ച തീരുമാനങ്ങളെടുക്കാൻ കഴിവുള്ള കളിക്കാരനാണെന്ന് നേരത്തേ തന്നെ ധോനിയും കോച്ച് സ്റ്റീഫൻ ഫ്ളെമ്മിങ്ങും മനസ്സിലാക്കിയിരുന്നു. ഗെയ്ക്ക്വാദിനെ സഹായിക്കാനായി അനുഭവസമ്പത്തുള്ള രവീന്ദ്ര ജഡേജയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രവീന്ദ്ര ജഡേജയെ 2022 സീസണിൽ ക്യാപ്റ്റനാക്കിയുള്ള പരീക്ഷണം പാളിയിരുന്നതിനാൽ ഏറെ സമയമെടുത്താണ് ഗെയ്ക്ക്വാദിന് ക്യാപ്റ്റൻ സ്ഥാനം കൈമാറിയത്.