കേരളത്തിലെ ബിജെപിയുടെ ചരിത്രത്തിലാദ്യമായി ആര്‍എസ്എസിന്റെ ഇടപെടലുകള്‍ കാര്യമായില്ലാത്ത തെരഞ്ഞെടുപ്പാണിത്. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാണ്. അവരെ നിരീക്ഷിക്കാന്‍ കേന്ദ്രത്തില്‍ നിന്നുള്ള നേതാക്കളും സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവേദ്കറും ഉണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ പ്രചാരണത്തിന്റെ നിയന്ത്രണം ഏതാണ്ട് പൂര്‍ണ്ണമായും ആര്‍എസ്എസിന്റെ കൈകളിലായിരുന്നു. എന്നാല്‍ ആര്‍എസ്എസിന്റെ നിയന്ത്രണത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത് ബിജെപിയോട് താല്പര്യമുള്ള എന്നാല്‍ ആര്‍എസ്എസിനോട് അനുഭാവം പുലര്ത്താത്തയാളുകളെ പാര്‍ട്ടിയില്‍ നിന്നും അകറ്റുമെന്നുള്ള സംശയം ബിജെപിക്കുള്ളില്‍ നിന്നു തന്നെ ഉണ്ടായി. മാത്രമല്ല ഒരു പാര്‍ട്ടി എന്ന നിലയില്‍ ബിജെപിക്ക് സ്വതന്ത്രമായ അസ്ഥിത്വവും ചട്ടക്കൂടും വേണമെന്നുള്ള അഭിപ്രായം ആര്‍എസ്എസ് നേതൃത്വത്തിനുണ്ട്.
ബിജെപിക്ക് ശക്തിയുള്ള ലോക്സഭാമണ്ഡലങ്ങളായ തൃശൂരിലും തിരുവനന്തപുരത്തും പ്രചാരണസംവിധാനങ്ങളില് നിന്നുള്ള ആര്‍എസ്എസിന്റെ പിന്മാറ്റം വളരെ പ്രകടമാണ്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ കമ്പനി ടീം നേരിട്ടാണ് പ്രചാരണം നയിക്കുന്നത്. തൃശൂരില്‍ സുരേഷ് ഗോപിക്കും തന്റേതായ സംവിധാനമുണ്ട്. പാലക്കാട്, കാസര്‍കോട് തുടങ്ങി ബിജെപിക്ക് താരതമ്യേന ശക്തിയുള്ള ഇടങ്ങളിലും ആര്‍എസ്എസ് അല്ല പ്രചാരണത്തിന്റെ മുന്നിൽ നില്‍ക്കുന്നത്. ബിജെപി എന്ന പാര്‍ട്ടി കേരളത്തില്‍ ഇനി ആര്‍എസ്എസിന്റെ സംഘടനാസംവിധാനത്തിന്റെ സുരക്ഷിതത്വത്തില്‍ നില്‍ക്കേണ്ട എന്ന കേന്ദ്ര ബിജെപി നേതൃത്വത്തിന്റെ തീരുമാനവും ആര്‍എസ്എസിന്റെ പിന്മാറ്റത്തിന് കാരണമായി. ബിജെപിയുടെ പുതിയ പ്രതീക്ഷയായ തമിഴ്നാട്ടില്‍ സംസ്ഥാന അധ്യക്ഷനായ കെ അണ്ണാമലൈ ആര്‍എസ്എസുമായി ബന്ധമില്ലാത്തയാളാണ്. എന്നാല്‍ അദ്ദേഹത്തിന് അവിടെ വലിയ സാന്നിധ്യമാകാന്‍ കഴിയുന്നുണ്ടെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തിയിട്ടുള്ളത്. ആര്‍എസ്എസ് നേതൃത്വത്തിനും അതേ അഭിപ്രായമാണുള്ളത്. ബിജെപിയുടെ അടിത്തറ ഇനിയും വിപുലമാകണമെങ്കില് പാർട്ടി, ആര്‍എസ്എസിന്റെ രക്ഷകര്‍തൃത്വത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് അവരുടെയും അഭിപ്രായം.
കേരളത്തിലും തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബിജെപിക്ക് ആര്‍എസ്എസ് ഇതര നേതൃത്വം വേണമെന്ന് തന്നെയാണ് തീരുമാനം. രാമജന്മഭൂമി പ്രക്ഷോഭം പോലുള്ള വിഷയങ്ങൾക്ക് ഇനി ഇന്ത്യയില്‍ കാര്യമായ പ്രസക്തിയില്ലന്ന് ആര്‍എസ്എസ്- ബിജെപി നേതൃത്വങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇനി ജനപ്രിയ രാഷ്ട്രീയത്തിന്റെ കാലമാണ്. അപ്പോള്‍ ആര്‍എസ്എസിന്റെ കേഡര്‍ സംവിധാനത്തെക്കാള്‍ പലപ്പോഴും പ്രയോജനം ചെയ്യുക സമൂഹത്തിലെ അറിയപ്പെടുന്ന ആളുകളെ പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് കൊണ്ടുവന്ന് അവരെ കാര്യങ്ങള്‍ ഏല്പ്പിക്കുമ്പോഴാണെന്ന് ബിജെപിയും ആര്‍എസ്എസും ഒരുപോലെ കരുതുന്നു. കേരളത്തില്‍ സുരേഷ് ഗോപിയും, തമിഴ്നാട്ടില്‍ അണ്ണാമലൈയും, തമിളിസൈ സൗന്ദര്രാജനുമൊന്നും ആര്‍എസ്എസ് പശ്ചാത്തലമുള്ളവരല്ല. അസ്സം മുഖ്യമന്ത്രി ഹേമന്തോ ബിശ്വാസ് ശര്‍മ്മയെ പോലുള്ളവരും ആര്‍എസ്എസുമായി ബന്ധമുള്ളവരല്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും തികച്ചും വ്യത്യസ്തമായ രാഷ്ട്രീയ തന്ത്രങ്ങള്‍ വേണമെന്നാണ് ബിജെപിയുടെ നിലപാട്. ബിജെപിയിലേക്ക് ആര്‍എസ്എസ് നിയോഗിച്ച സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷ് ഈ വസ്തുത മോഹന്‍ ഭാഗവത് അടക്കമുള്ള സംഘനേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്.
കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് ആര്എസ്എസിനുകൂടി വിശ്വാസമുള്ള നേതാക്കളാണ്. ഇത് കേരളാ പ്രഭാരിയായ പ്രകാശ് ജാവേദ്കര് ഉറപ്പ് വരുത്തുന്നുമുണ്ട്. ബൂത്ത് തലത്തില്‍ വരെ ബിജെപിക്ക് സ്വന്തം നേതാക്കള്‍ വേണമെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. നേരത്തെ ബിജെപിയുടെ അടിത്തട്ടിലുള്ള പ്രവര്‍ത്തകര്‍ എല്ലാം ആര്എസുഎസമായി അടുപ്പമുള്ളവരായിരുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ സ്വന്തമായി വേണ്ടത്ര അണികൾ ഇല്ലാത്ത പാര്‍ട്ടിയാണ് കേരളത്തിൽ ബിജെപി. എന്നാല്‍ ഇനി നിലനില്‍പ്പു വേണമെങ്കില്‍ താഴെത്തട്ടിൽ പ്രവര്‍ത്തകരെ ഉണ്ടാക്കിയെടുക്കണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മറ്റു പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും ബിജെപിയിലേക്ക് കൊണ്ടുവരുമ്പോള്‍ അവര്‍ക്ക് പെട്ടെന്ന് ആര്‍എസ്എസ് നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ആ സാഹചര്യത്തിൽ, പാർട്ടിയിലേക്ക് പുതുതായി വരുന്നവര്‍ നിശബ്ദരാവുകയും പിന്നീട് പാര്ശ്വവല്ക്കരിക്കപ്പെടുകയും ചെയ്യും. മറ്റു പാര്‍ട്ടികളില്‍ നിന്നും വരുന്ന നേതാക്കളെയും പ്രവര്‍ത്തകരെയും അവഗണിച്ചാല്‍ പിന്നെ അധികമാരും ബിജെപിയിലേക്ക് വരില്ലെന്നാണ് നേതൃത്വം പറയുന്നത്. അതുകൊണ്ട് ബിജെപിയുടെ കാര്യങ്ങളെല്ലാം ഇനി മുതൽ പാര്‍ട്ടിയുടെ വിവിധ തട്ടിലുള്ള നേതാക്കള്‍ തന്നെ തീരുമാനിക്കണമെന്നും നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുരുക്കത്തില്‍ ബിജെപിയുടെ സംഘടനാ സംവിധാനത്തില്‍ തന്നെ ഈ തെരഞ്ഞെടുപ്പോടുകൂടി വലിയ മാറ്റം വരികയാണ്. ആര്‍എസ്എസ് നേതാവായ പിപി മുകുന്ദനൊക്കെ ഒരു കാലത്ത് ബിജെപിയിലെ അവസാനവാക്കായിരുന്നു. ഇനി ആര്‍എസ്എസ് ബിജെപിയുടെ കാര്യങ്ങളില്‍ പ്രത്യക്ഷത്തില്‍ ഇടപെടേണ്ട എന്നതാണ് സംഘനേതൃത്വത്തിന്റെ തീരുമാനം.