ചങ്ങനാശേരി: ആർഎസ്എസ്, വിഎച്ച്പി നേതാക്കൾ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. ആർഎസ്എസ് നേതാവ് സേതുമാധവൻ, വിഎച്ച്പി നേതാവ് വിജി തമ്പി എന്നിവരാണ് എൻഎസ്എസ് ആസ്ഥാനത്ത് എത്തിയത്. സ്പീക്കർ എ.എൻ. ഷംസീറിന്റെ പരാമർശത്തിനെതിരേ നടക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച ശ്രദ്ധേയമാകുന്നത്.
ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് എൻഎസ്എസിന്റെ നേതൃത്വത്തിൽ നടത്തിയ നാമജപയാത്രയിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്.അതേസമയം, നാമജപഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരേ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 1000 പേര്‍ക്കെതിരേയാണ് കേസ്. യാത്ര നയിച്ച എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് കേസില്‍ ഒന്നാം പ്രതി.അനുമതിയില്ലാതെ സംഘം ചേര്‍ന്ന് ഗതാഗതം തടസമുണ്ടാക്കിയെന്നാരോപിച്ചാണ് നടപടി. ഘോഷയാത്ര നടത്തുന്ന വിവരം ജാഥ കടന്നുപോകുന്ന പ്രദേശങ്ങളിലെ സ്റ്റേഷനുകളില്‍ അറിയിച്ചിരുന്നെന്ന് എന്‍എസ്എസ് നേതൃത്വം അറിയിച്ചു. എന്നാല്‍ ഇതിന് അനുമതി നല്‍കിയില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.