തിരുവനന്തപുരം : മാർ ഇവാനിയോസ് കോളജ് ഗ്രൗണ്ട് ആർഎസ്എസ് പരിശീലനത്തിന് വിട്ടുനൽകിയതിനെതിരെ എസ്എഫ്ഐയും കെഎസ്യുവും. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും ആയുധപരിശീലനത്തിന് ഉപയോഗിക്കുന്ന ആർഎസ്എസിന്റെ പ്രവൃത്തികൾ തികച്ചും അപലപനീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. വിദ്യാലയങ്ങൾ വിജ്ഞാനത്തിന്റെ കേന്ദ്രങ്ങളാണ്. അവ യുക്തിയും സഹിഷ്ണുതയും വളർത്താനുള്ള ഇടങ്ങളാണ്. അതുപോലെ ക്ഷേത്രങ്ങൾ ആത്മീയതയുടെ അടയാളങ്ങളായിരിക്കണം, ഭീതി വിതയ്ക്കാനുള്ള വേദികളല്ല.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന ആർഎസ്എസ് ആയുധ പരിശീലന ക്യാമ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമൂഹത്തിനും ഭിന്നതയുണ്ടാക്കി അക്രമത്തിനും അശാന്തിക്കും വഴിവെയ്ക്കുന്നവയാണ്. വിദ്യാർഥികളെയും ഭക്തജനങ്ങളെയും ഇളവുകൾ ഉപയോഗിച്ച് തീവ്രവാദത്തിലേക്ക് യുക്തിഹീനമായി വലിച്ചിഴക്കുന്ന ഇത്തരം പ്രവണതകളെ ശക്തമായി എതിർക്കുന്നു.
നിയമവും ഭരണഘടനയും പ്രതിനിധീകരിക്കുന്ന മൂല്യങ്ങൾ നിലനിർത്താൻ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആയുധപരിശീലനം പോലുള്ള നടപടികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കപ്പെടണം. സമൂഹത്തിലെ എല്ലാ ജനങ്ങളും ഇത്തരത്തിലുള്ള വർഗ്ഗീയ പ്രേരിത പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുകയും സമാധാനത്തിനും ഐക്യത്തിനുമുള്ള നിലപാടിൽ ഉറച്ചുനില്ക്കുകയും വേണം.
ഒപ്പം ഇത്തരം ആയുധ പരിശീലനത്തിന് മാർ ഇവാനിയോസ് കോളജ് ഗ്രൗണ്ട് വിട്ടുനൽകിയ നടപടി തീർത്തും വർഗീയതയും അക്രമ വാഴ്ചയെയും പ്രോത്സാഹിപ്പിക്കുന്നതും ആയതിനാൽ അടിയന്തര പ്രാധാന്യത്തോടെ ഈ വിഷയത്തെ കണ്ട് ആർഎസ്എസ് നടത്തുന്ന ആയുധപരിശീലനം അവസാനിപ്പിക്കാൻ വേണ്ട നടപടികൾ ബന്ധപ്പെട്ട അധികൃതർ ഉടനടി നടത്തണമെന്നും എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വർഷങ്ങളായി മാർ ഇവാനിയോസ് കോളജ് ഗ്രൗണ്ട് രാഷ്ട്രീയ പരിപാടികൾക്കോ വിദ്യാർഥി രാഷ്ട്രീയ സംഘടനകൾക്കോ ഉപയോഗിക്കാൻ അനുമതി നിഷേധിച്ചിരുന്ന കോളജ് മാനേജ്മെൻറ് ഒരു സുപ്രഭാതത്തിൽ ആർഎസ്എസിന് തീറെഴുതി കൊടുത്തുകൊണ്ടുള്ള നിലപാട് പ്രതിഷേധാർഹമാണെന്ന് കെഎസ്യു കോളജ് യൂനിറ്റ് കമ്മിറ്റി അറിയിച്ചു. ഏപ്രിൽ 18 മുതൽ മെയ് രണ്ട് വരെ ആർഎസ്എസ് പരിശീലനത്തിന് മാർ ഇവാനിയോസ് കോളജ് ഗ്രൗണ്ട് വിട്ടുനൽകിയപ്പോൾ ദുഃഖ വെള്ളിയാഴ്ച ആർഎസ്എസ് ക്യാമ്പ് നടക്കുേമ്പാൾ ജയിൽ മോചിതനായ മഹേന്ദ്ര ഹെംബ്രാം ആരായിരുന്നു എന്നുകൂടി കോളജ് മാനേജ്മെൻറ് ഓർക്കുന്നത് നല്ലതായിരിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.