ന്യൂഡല്‍ഹി : ബിജെപിയെ നേര്‍വഴിക്കു നടത്താന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാളിന്റെ കത്ത്. ബിജെപി വഴിപിഴച്ചു പോവുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് ആര്‍എസ്എസിന്റെ ഉത്തരവാദിത്വമാണെന്ന് കത്തില്‍ പറയുന്നു.
ബിജെപി ആര്എസ്എസില്നിന്നുണ്ടായ പ്രസ്ഥാനമാണ്. അതു വഴി പിഴച്ചു പോവുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് ആര്‍എസ്എസിന്റെ ഉത്തരവാദിത്വമാണ്. മോദി തെറ്റായ കാര്യം ചെയ്യുന്നതിനെ എന്നെങ്കിലും തടഞ്ഞിട്ടുണ്ടോയെന്ന് ഭാഗവതിനോട് കെജരിവാള്‍ ചോദിച്ചു.
ബിജെപി അഴിമതിക്കാരുമായി ചേരുകയാണ്. അവരെ പാര്‍ട്ടിയിലേക്ക് ആനയിക്കുന്നു. അഴിമതിക്കാരെന്ന് പ്രധാനമന്ത്രി മോദിയും അമിത് ഷായും പറഞ്ഞവരില്‍ പലരും ഇപ്പോള്‍ ബിജെപിയില്‍ എത്തി. ഇത്തരമൊരു രാഷ്ട്രീയത്തോടു യോജിപ്പുണ്ടോ? കെജരിവാള്‍ ചോദിച്ചു.
എഴുപത്തിയഞ്ചു വയസ്സായവര്‍ വിരമിക്കണമെന്നാണ് നിങ്ങളുടെ ചട്ടം. ഇത് മോദിക്കു ബാധകമല്ലെന്നാണ് അമിത് ഷാ പറയുന്നത്. അഡ്വാനിക്ക് ബാധകമായത് മോദിക്ക് ബാധകമല്ലാതാവുന്നത് എങ്ങനെയാണ്? ആര്‍എസ്എസിനെ ആവശ്യമില്ലെന്നാണ് തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ജെപി നഡ്ഢ പറഞ്ഞത്. അമ്മയെ മകന് തള്ളിപ്പറയുന്നതു പോലെയാണിത്. ഇതു കേട്ടിട്ട് ദുഃഖമൊന്നും തോന്നിയില്ലേയെന്ന് കെജരിവാള്‍ ഭാഗവതിനോട് ചോദിച്ചു.
പ്രതിപക്ഷ നേതാക്കളെ ഇഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതിനോട് ആര്‍എസ്എസിന് യോജിപ്പുണ്ടോയെന്നും കെജരിവാള്‍ കത്തില്‍ ചോദിക്കുന്നു.