ആര്‍എസ്എസ് നേതൃത്വവുമായി ഏറ്റുമുട്ടലിന് നില്‍ക്കാതെ അവര്‍ക്ക് പൂര്‍ണ്ണമായി വഴങ്ങി മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചതോടെ, നാഗ്പൂരിന്റെ വിശ്വസ്തനായ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ബിജെപി അഖിലേന്ത്യാ അധ്യക്ഷനാകുമെന്നുറപ്പായി. ഇപ്പോഴത്തെ അധ്യക്ഷന്‍ ജെപി നദ്ദയെ മോദി കാബിനിറ്റില്‍ അംഗമാക്കുമെന്നുള്ള സൂചനയും ശക്തമാണ്. മോദിയുടെ ആദ്യത്തെ മന്ത്രിസഭയില്‍ അംഗമായിരുന്നു ജെപി നദ്ദ. ലോക്സഭാ തെരെഞ്ഞടുപ്പ് കാലത്ത് ഇനി ബിജെപിക്ക് ആര്‍എസ്എസിന്റെ സഹായമില്ലാതെ തന്നെ മുന്നോട്ടുപോകാന്‍ കഴിയുമെന്ന വിവാദ പ്രസ്താന ഇറക്കിയ ആളാണ് ജെപി നദ്ദ. അന്ന് തന്നെ നദ്ദയെ വെട്ടാന്‍ ആര്‍എസ്എസ് നേതൃത്വം തയ്യാറെടുത്തുകഴിഞ്ഞിരുന്നു.
കോണ്‍ഗ്രസ് എന്‍സിപി ശിവസേന സര്‍ക്കാര്‍ വീണപ്പോള്‍ മുഖ്യമന്ത്രിയാകാന്‍ എല്ലാ തയ്യാറെടുപ്പും നടത്തിയ ദേവേന്ദ്ര ഫഡ്നാവിസിനെ മോദിയും അമിത്ഷായും അടങ്ങുന്ന കേന്ദ്ര ബിജെപി നേതൃത്വം വെട്ടി. അങ്ങിനെയാണ് വിമത വിഭാഗം ശിവസേനാ നേതാവായ ഏകനാഥ ഷിന്‍ഡെ മുഖ്യമന്ത്രിയായത്. സത്യപ്രതിജ്ഞയുടെ തൊട്ട് മുമ്പ് വരെ താന്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നാണ് ദേവേന്ദ്ര ഫഡ്നാവിസ് വിചാരിച്ചത്്. എന്നാല്‍ തന്ത്രപരമായി ഫഡ്നാവിസിനെ ഒഴിവാക്കിക്കൊണ്ട് ഏകനാഥ് ഷിന്‍ഡേയെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്ര ബിജെപി നേതൃത്വം തിരുമാനിക്കുകയായിരുന്നു. ഉപമുഖ്യമന്ത്രിയാകാന്‍ താനില്ലന്ന കടുത്ത നിലപാട് ദേവേന്ദ്ര ഫഡ്നാവിസ് എടുത്തെങ്കിലും മോദിയുടെയും ഷായുടെയും കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്ന് ഫഡ്നാവിസിന് അവസാനം ഉപമുഖ്യമന്ത്രിയാകേണ്ടിയും വന്നു.ഇതേ തുടര്‍ന്ന് കേന്ദ്ര ബിജെപി നേതൃത്വവുമായി ഫഡ്നാവിസ് തെറ്റി നില്‍ക്കുകയുമായിരുന്നു.
ആർഎസ്എസ് നേതൃത്വവുമായി വളരെയേറെ അടുപ്പമുള്ള ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്രയിലെ ചിത് പാവന് ബ്രാഹ്മണ സമുദായാംഗമാണ്. ആര്‍എസ്എസിന്റെ സ്ഥാപകന്‍ കേശവ ബല്‍റാം ഹെഡ്ഗേവാറും സംഘടനയെ വളര്‍ത്തിയ എംഎസ് ഗോള്‍വക്കാറും ചിത്പാവന്‍ ബ്രാഹ്മണരായിരുന്നു. മഹാരാഷ്ട്രയില്‍ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്കിയ ബാലഗംഗാധര തിലകനെപ്പോലുള്ളവരും ഹിന്ദുത്വയുടെ ഉപജ്ഞാതാവായ വിഡി സവര്‍ക്കറും, ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സേയുമൊക്കെ ചിത് പാവന് ബ്രാഹ്മണ സമുദായത്തില്‍ പെട്ടവരാണ്. ഹിന്ദുമഹാസഭ, ആര്‍എസ്എസ് തുടങ്ങിയവക്കൊക്കെ ആദ്യകാലത്ത് നേതൃത്വം നല്കിയതും ചിത്പാവന്‍ ബ്രാഹ്മണ സമുദായത്തില്‍പ്പെട്ടവരാണ്.ഇപ്പോഴത്തെ ആര്‍എസ്എസ് അധ്യക്ഷനായ മോഹന്‍ ഭാഗവതും ഇതേ സമുദായത്തില്‍പ്പെട്ടയാളാണ്.എന്നാല്‍ തൊണ്ണൂറുകളില്‍ ബിജെപിയും ആര്‍എസ്എസും ഒബിസി പൊളിറ്റിക്സിലേക്ക് മാറുകയും അതുവഴി പാര്‍ട്ടി രാഷ്്ട്രീയ നേട്ടം കൊയ്യുകയും ചെയ്തതോടെ ചിത്പാവന്‍ ബ്രാഹ്മണ നേതൃത്വം ഒതുക്കപ്പെട്ടു. നരേന്ദ്രമോദിയെയും ശിവരാജ് സിംഗ് ചൗഹാനെയും പോലുള്ള ഒബിസി നേതാക്കള്‍ ബിജെപി നേതൃത്വത്തിലേക്ക് ഉയര്‍ന്നതോടെ ആര്‍എസ്എസിന്റെ നിര്‍ദേശങ്ങളെ അവര്‍ അത്ര മുഖ വിലക്കെടുത്തിരുന്നില്ല. ഇതോടെയാണ് ആര്‍എസ്എസ് – ബിജെപി നേതൃത്വങ്ങള്‍ തമ്മിലുള്ള വിടവ് രൂക്ഷമായത്. ഉത്തര്‍പ്രദേശിലും ബിഹാറിലും മധ്യപ്രദേശിലുമെല്ലാം ഒബിസി രാഷ്ട്രീയം ബിജെപിക്ക് അധികാരം നല്‍കിയതോടെ തങ്ങള്‍ പതിയെ അവഗണിക്കപ്പെടുന്നതായി ആര്‍എസ്എസിലെ ചിത്പാവന്‍ നേതൃത്വത്തിന് തോന്നിയിരുന്നു. അപ്പോഴാണ് 2024 ലെ ലോക്സഭാ തെരെഞ്ഞടുപ്പില്‍ മോദിക്കും ബിജെപിക്കും അപ്രതീക്ഷിത തിരിച്ചടിയുണ്ടാകുന്നത്. മോദിയെ പൂട്ടാന്‍ കൃത്യസമയം ഇതാണെന്ന് മനസിലാക്കിയ ആര് എസ്എസ് നേതൃത്വം ബിജെപിക്ക് മേല്‍ നിരന്തര സമ്മര്‍ദ്ദം ചെലുത്തിയെന്ന് മാത്രമല്ല പ്രധാനമന്ത്രിയെ കളിയാക്കുന്ന വിധത്തില്‍ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത് പലതവണ സംസാരിക്കുകയും ചെയ്തു.
പാര്‍ട്ടിയെ മുന്നോട്ടു ചലിപ്പിച്ചാലെ സര്‍്ക്കാരിനെ നിലിനിര്‍ത്താന്‍ കഴിയുവെന്നും പാര്‍ട്ടിയെ ചലിപ്പിക്കണമെങ്കില്‍ ആര്‍എസ്എസ് സഹായം കൂടിയെ കഴിയൂ എന്ന് അറിയാവുന്ന നരേന്ദ്രമോദി ആര്‍എസ്എസിന് കീഴടങ്ങാന്‍ തിരുമാനിച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസില്‍ ചേരുന്നതിന് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കുകയാണ് ആദ്യം ചെയ്തത്. അതിന് ശേഷമാണ് ബിജെപി അഖിലേന്ത്യ അധ്യക്ഷ സ്ഥാനത്തേക്ക് സംഘം ആരെ നിയോഗിച്ചാലും താന്‍ അംഗീകരിക്കാമെന്ന് നിലപാട് മോദി കൈക്കൊണ്ടതും. ഇതോടെ ദേവേന്ദ്ര ഫഡ്നാവിസിന് കാര്യങ്ങള്‍ എളുപ്പമാവുകയായിരുന്നു. മോദിക്ക് പകരം ഫഢ്നാവിസിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കൊണ്ടുവരാനുള്ള നീക്കമാണ് ആര്‍എസ്എസ് നടത്തുന്നതെന്നു കരുതുന്നവരുമുണ്ട്. അമിത്ഷായെ മോദിയുടെ പിന്ഗാമിയാക്കരുത് എന്ന നിര്‍ബന്ധം ആര്എസ്എസിനുണ്ടുതാനും