നാഗ്പൂർ : നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് സന്ദർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗെവാറിന്റെ സ്മൃതി മന്ദിരത്തിൽ പ്രധാനമന്ത്രി ആദരം അർപ്പിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനം ചരിത്രപരവും പ്രധാനപ്പെട്ടതും എന്ന് ആർഎസ്എസ് പറഞ്ഞു. ആർഎസ്എസിന്റെ സംഭാവനകളെ പ്രധാനമന്ത്രി അംഗീകരിച്ചു എന്ന് ആർഎസ്എസ് നേതാവ് അശുതോഷ് അദോനി പ്രതികരിച്ചു.
രാജ്യത്തെ സേവിക്കാൻ ആർഎസ്എസ് പ്രചോദനം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിസിറ്റേഴ്സ് പുസ്തകത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം കുറിച്ചത്. ഡോ.ബി ആർ അംബേദ്കർ ബുദ്ധമതം സ്വീകരിച്ച ദീക്ഷഭൂമി പ്രധാനമന്ത്രി സന്ദർശിച്ചു. ആർഎസ്എസും ബിജെപിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്ന് ആർഎസ്എസ് സംഘം ശേഷാദ്രി ചാരി പറഞ്ഞു. ബിജെപിയെയും ആർഎസ്എസിനെയും കുറിച്ച് അറിയാത്തവരാണ് ഇത്തരം പ്രചരണങ്ങൾക്ക് പിന്നിൽ. രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണ് ഇത്തരം തെറ്റായ കാര്യങ്ങൾ പറയുന്നതെന്നും ആർഎസ്എസ് സംഘം ശേഷാദ്രി ചാരി വ്യക്തമാക്കി.
പ്രധാനമന്ത്രി പദവിയിൽ എത്തിയ ശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്നത്. മാധവ് നേത്രാലയ ആശുപത്രിയുടെ പുതിയ മന്ദിരത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. നാഗ്പൂർ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ചേർന്നാണ് സ്വീകരിച്ചത്. കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്.