ന്യൂഡല്‍ഹി : മദ്യനയം മൂലം ഡല്‍ഹി സര്‍ക്കാരിന് 2,002.68 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് സിഎജി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഡല്‍ഹി നിയമസഭയില്‍ മുഖ്യമന്ത്രി രേഖാ ഗുപ്ത അവതരിപ്പിച്ച സിഎജി റിപ്പോര്‍ട്ടിലാണ് മദ്യനയത്തില്‍ ആംആദ്മി സര്‍ക്കാരിനുണ്ടായ വീഴ്ചകള്‍ ബിജെപി സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചത്.
പ്രതിപക്ഷ ബഹളത്തിനിടയിലാണ് മുഖ്യമന്ത്രി സിഎജി അവതരിപ്പിച്ചത്. ലൈസന്‍സ് നല്‍കിയതില്‍ നിയമ ലംഘനങ്ങള്‍ ഉണ്ടായെന്നും വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ അന്നത്തെ ഉപമുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയുമായിരുന്ന മനീഷ് സിസോദിയ അവഗണിച്ചതായും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്യശാലകള്‍ തുറക്കുന്നതിന് സമയബന്ധിതമായി അനുമതി ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ റദ്ദാക്കിയ മദ്യനയം 941.53 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കി. ലൈസന്‍സ് ഫീസ് ഇനത്തില്‍ എക്സൈസ് വകുപ്പിന് ഏകദേശം 890.15 കോടി രൂപയുടെ നഷ്ടമുണ്ടായി. കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ലൈസന്‍സികള്‍ക്ക് ക്രമരഹിതമായ ഇളവുകള്‍ നല്‍കിയതുവഴി 144 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കി. സോണല്‍ ലൈസന്‍സികളില്‍ നിന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റ് കൃത്യമായി ശേഖരിക്കാത്തത് 27 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മദ്യനയവുമായി ബന്ധപ്പെട്ട് അരവിന്ദ് കെജരിവാള്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ അറസ്റ്റിലായതോടെ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് എഎപിക്ക് നേരിട്ടത്. കെജ്രിവാള്, മനീഷ് സിസോദിയയും ഉള്‍പ്പെടെ എഎപിയുടെ പ്രമുഖനേതാക്കള്‍ പരാജയപ്പെട്ടു. 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ വീണ്ടും ബിജെപി അധികാരത്തിലെത്തി.