തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ തൃശൂർ മെഡിക്കൽ കോളജ് ഡോക്ടർ ഡോ. ഷെറിൻ ഐസക്കിന്റെ വീട്ടിൽനിന്നും കണ്ടെടുത്തത് 15 ലക്ഷം രൂപ. വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് 2000, 500, 200, 100 രൂപ നോട്ടുകളുടെ കെട്ടുകൾ കണ്ടെത്തിയത്. വീടിന്റെ പലഭാഗത്തായി ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു പണം. രോഗികളിൽനിന്ന് കൈക്കൂലി വാങ്ങിയ പണമാണിതെന്നാണ് പ്രാഥമിക നിഗമനം.
പരിശോധന തുടരുകയാണ്. നിർധനയായ വീട്ടമ്മയുടെ ശസ്ത്രക്രിയക്ക് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് അസ്ഥിരോഗ വിഭാഗം ഡോക്ടർ ഷെറിൻ ഐസക്കിനെ അറസ്റ്റ് ചെയ്തത്. 25 വർഷത്തെ സർവീസുള്ള ഷെറിൻ ഐസക്ക് ഈ വർഷം വിരമിക്കാനിരിക്കെയാണ് കൈക്കൂലി കേസിൽ പിടിയിലായത്.
ശസ്ത്രക്രിയക്ക് തീയതി നൽകണമെങ്കിൽ 3000 രൂപ നൽകണമെന്ന് ഡോക്ടർ ഷെറിൻ ആവശ്യപ്പെട്ടു. പലവട്ടം ഡോക്ടറെ കണ്ടിട്ടും കൈക്കൂലി നൽകണമെന്ന് ആവർത്തിച്ചു. ഒടുവിൽ വീട്ടമ്മയുടെ ഭർത്താവാണ് വിജിലൻസിൽ പരാതി നൽകിയത്. വിജിലൻസ് നൽകിയ പണവുമായി ഡോ. ഷെറിന്റെ ഓട്ടുപാറയിലുള്ള സ്വകാര്യ ക്ലിനിക്കിൽ എത്തി വീട്ടമ്മയുടെ ഭർത്താവ് പണം കൈമാറി. ഇതോടെ വിജിലൻസ് സംഘം ഡോക്ടറെ കൈയോടെ പിടികൂടി. ഇതിനു പിന്നാലെ ഡോക്ടറുടെ വീട്ടിലും പരിശോധന നടത്തി.