തിരുവനന്തപുരം : കാര്‍ഷിക മേഖലയിലെ നവീകരണത്തിനായി നൽകുന്ന ലോക ബാങ്ക് സഹായം സംസ്ഥാന സർക്കാർ വകമാറ്റി. കേര പദ്ധതിക്കായി ട്രഷറിയിലെത്തിയ 140 കോടി രൂപയാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ വകമാറ്റിയത്. അനുവദിച്ചതിനു ശേഷം പണം ഒരാഴ്ചയ്ക്കകം പദ്ധതിയുടെ അക്കൗണ്ടിലേക്കു മാറ്റണമെന്ന കരാര്‍ വ്യവസ്ഥ സംസ്ഥാന സര്‍ക്കാര്‍ ലംഘിച്ചത് ഗുരുതര വീഴ്ചയായാണ് ലോക് ബാങ്ക് വിലയിരുത്തുന്നത്.
2366 കോടി രൂപയുടേതാണ് പദ്ധതി. ഇതിൽ 1656 കോടി ലോക ബാങ്ക് സഹായവും 710 കോടി സംസ്ഥാന സർക്കാർ വിഹിതവുമാണ്. 2023 ൽ ചർച്ച തുടങ്ങിയ പദ്ധതി ലോക ബാങ്ക് അംഗീകരിക്കുന്നത് 2024 ഒക്റ്റോബർ 31നാണ്. ലോക ബാങ്ക് സഹായത്തിലെ ആദ്യ ഗഡു 139.66 കോടി കേന്ദ്രം കൈമാറിയത് മാര്‍ച്ച് 17ന് .
ഒരാഴ്ചയ്ക്കുള്ളിൽ കൈമാറണമെന്നാണ് കരാര്‍ വ്യവസ്ഥ എങ്കിലും അഞ്ചാഴ്ച കഴിഞ്ഞിട്ടും പണം കേര പദ്ധതിയുടെ അക്കൗണ്ടിലേക്കു മാറ്റിയിട്ടില്ല. ഇതിനു പകരം ഈ പണം സാമ്പത്തിക വര്‍ഷാവസനത്തെ ചെലവുകള്‍ക്കായി ധനവകുപ്പ് പിടിച്ചുവയ്ക്കുകയായിരുന്നു.
ഇക്കാര്യം പരിശോധിക്കാൻ മേയ് 5ന് ലോകബാങ്ക് സംഘം കേരളത്തിലെത്തും. തുടർന്ന് സംഘം കരാർ വ്യവസ്ഥകളുടെ ലംഘനം ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നാണ് വിവരം.
കാലാവസ്ഥ വ്യതിയാനം ചെറുക്കാനും മൂല്യവർധിത കാർഷിക ഉത്പന്നങ്ങളും ചെറുകിട സ്വകാര്യ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന പദ്ധതിയാണ് കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേനൈസേഷൻ പ്രൊജക്റ്റ് (കേര).
ഫെബ്രുവരി 3ന് പ്രവര്‍ത്തനം തുടങ്ങേണ്ടിയിരുന്ന പദ്ധതി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഈ മാസം അവസാനം ഉത്ഘാടനം ചെയ്യാനാണ് തീരുമാനിച്ചിരുക്കുന്നത്.
നാല് ലക്ഷം കർഷകർക്ക് നേരിട്ടും 10 ലക്ഷം കർഷകർക്ക് പരോക്ഷമായും സഹയം ലക്ഷ്യമിടുന്ന പദ്ധതിയാണ് ലോക ബാങ്ക് സഹായം വക മാറ്റിയതിന്റെ പേരിൽ പ്രതിസന്ധിയിലായിരിക്കുന്നത്.