ന്യൂഡല്‍ഹി : ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം ചൂടിയാല്‍ ഉപഭോക്താക്കള്‍ക്ക് 100 കോടി രൂപ വിതരണം ചെയ്യുമെന്ന് ഓണ്‍ലൈന്‍ ജ്യോതിഷ കമ്പനിയായ ആസ്ട്രോടോക്ക് സിഇഒ പുനീത് ഗുപ്ത. അവസാനമായി ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ തനിക്ക് വളരെ കുറച്ച് സുഹൃത്തുക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് അവരോടൊപ്പമാണ് സന്തോഷം പങ്കിട്ടത്. ഇപ്പോള്‍ നിരവധി ആസ്ട്രോടോക്ക് ഉപയോക്താക്കള്‍ തന്റെ സുഹൃത്തുക്കളാണ്. അവരുമായെല്ലാം സന്തോഷം പങ്കുവെക്കണമെന്നും പുനീത് ഗുപ്ത പറഞ്ഞു. ലിങ്ക്ഡ് ഇന്‍ പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യ കിരീടം ചൂടുകയാണെങ്കില്‍ ആസ്ട്രോടോക്ക് ഉപയോക്താക്കളുടെ വാലറ്റില്‍ 100 കോടി രൂപ വിതരണം ചെയ്യാനാണ് പുനീത് ഗുപ്തയുടെ തീരുമാനം. 2011 ല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ കോളജ് വിദ്യാര്‍ഥിയായിരുന്നു. അത് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നുവെന്നും പുനീത് ഗുപ്ത പറഞ്ഞു. അന്നത്തെ കളിയുടെ ഓര്‍മകളും പുനീത് പങ്കുവെക്കുന്നുണ്ട്.
‘അന്ന് കളിയുടെ തലേ ദിവസം ഞങ്ങള്‍ക്ക് ഉറങ്ങാന്‍ പറ്റിയില്ല. രാത്രി മുഴുവന്‍ കളി മാത്രമായിരുന്നു ചര്‍ച്ച ചെയ്തത്. ഞാന്‍ സുഹൃത്തുക്കളെ കെട്ടിപ്പിടിച്ചു. ഛണ്ഡീഗഢില്‍ ഞങ്ങള്‍ ബൈക്ക് യാത്ര നടത്തി. തെരുവില്‍ കണ്ടവരെയെല്ലാം കെട്ടിപ്പിടിച്ചു. ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമായിരുന്നു അതെന്നും പുനീത് കുറിച്ചു.
നാളെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ലോകകപ്പ് ഫൈനല്‍. ഉച്ചക്ക് രണ്ടിന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും.