മുംബൈ: ജയ്പുര്‍-മുംബൈ ട്രെയിനില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ നടത്തിയ കൊലപാതകക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി ചേതന്‍ സിംഗിന് മാനസിക പ്രശ്നങ്ങളില്ലെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു.വര്‍ഗീയ സ്വഭാവങ്ങളുള്ള കൊലപാതകങ്ങളാണ് നടന്നതെന്നും ഗവണ്മെന്റ് റെയില്‍വേ പൊലീസ് (ജിആര്‍പി) ബോറിവലി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം പറയുന്നു.
ജൂലൈ 31 പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ജയ്പുര്‍-മുംബൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) കോണ്‍സ്റ്റബിളായ ചേതന്‍ സിംഗ് ചൗധരി(34) ടിക്കാറാം മീണ എന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെയും മറ്റ് മൂന്നുപേരേയും വെടിവച്ച് കൊല്ലുകയായിരുന്നു.നേരത്തെ, പ്രതിക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായി കുടുംബം വദിച്ചിരുന്നു. എന്നാൽ 2017ല്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ട ഒരാളെ അകാരണമായി മര്ദച്ചതിന് ഇയാള്‍ വകുപ്പുതല നടപടി നേരിട്ടിരുന്നു.1,203 പേജുള്ള കുറ്റപത്രത്തില്‍ തീവണ്ടിയാത്രക്കാര്‍ ഉള്‍പ്പെടെ 150 സാക്ഷികളുടെ മൊഴികളുണ്ട്. ദൃക്സാക്ഷികളുടെ മൊഴികള്‍ക്ക് പുറമേ സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാക്കി. കേസ് നവംബര്‍ രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.