ബെംഗളൂരു: പേര് മാറ്റിയ ശേഷം ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആദ്യ മത്സരത്തിനിറങ്ങിയ ബെംഗളൂരു റോയൽ ചലഞ്ചേഴ്സിന് ആവേശ ജയം. പഞ്ചാബ് കിങ്സിനെ നാല് വിക്കറ്റിനാണ് തോൽപ്പിച്ചത്. 49 പന്തിൽ 77 റൺസുമായി മുന്നിൽനിന്നു നയിച്ച വിരാട് കോഹ്ലിയാണ് ജയം സമ്മാനിച്ചത്. സ്കോർ: പഞ്ചാബ്– 177/6, ബെംഗളൂരു– 178/6.
പഞ്ചാബ് ഉയർത്തിയ 177 എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ബെംഗളൂരു നിരയിൽ കോഹ്ലിക്ക് പുറമെ ദിനേശ് കാർത്തികും (10 പന്തിൽ 28) മഹിപാൽ ലോംറോറുമാണ് (8 പന്തിൽ 17) തിളങ്ങിയത്. തോൽവി മുന്നിൽ കണ്ട ബെംഗളൂരുവിനെ കാർത്തികിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് വിജയത്തിലെത്തിച്ചത്. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി, ഓസ്ട്രേലിയൻ താരങ്ങളായ കാമറോൺ ഗ്രീൻ, ഗ്ലെൻ മാക്സ്വെൽ എന്നിവരെല്ലാം ബാറ്റിങ്ങിൽ നിരാശപ്പെടുത്തി.
പഞ്ചാബിനായി കഗിസോ റബാദ, ഹർപ്രീത് ബ്രാർ എന്നിവർ രണ്ടു വിക്കറ്റ് വീതവും സാം കറൻ, ഹർഷൽ പട്ടേൽ എന്നിവർ ഒരോ വിക്കറ്റു വീതവും വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി. 37 പന്തിൽ 45 റൺസെടുത്ത ക്യാപ്റ്റൻ ശിഖർ ധവാനാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. ബെംഗളൂരുവിനായി മുഹമ്മദ് സിറാജ്, ഗ്ലെൻ മാക്സ്വെൽ എന്നിവർ രണ്ടു വിക്കറ്റ് വീതവും യാഷ് ദയാൽ, അൽസാരി ജോസഫ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.