ന്യൂഡൽഹി : കനത്ത മഴയെത്തുടർന്നുണ്ടായ കാറ്റിൽ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്ന് വീണ് ആറ് പേർക്ക് പരിക്ക്. ഇന്ന് രാവിലെ 5.30 യോടെയായിരുന്നു സംഭവം. നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്ന സംഭവം താൻ വ്യക്തിപരമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ജരാപു പറഞ്ഞു. അതേസമയം ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഡൽഹിയിലെ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. കാറ്റില്‍ മരങ്ങൾ ഒടിഞ്ഞു വീണ് റോഡു ഗതാഗതവും തടസപ്പെട്ടു. അടുത്ത രണ്ട് മണിക്കൂറില്‍ ഡൽഹിയിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രത നടപടികൾ സ്വീകരിക്കാനും നിര്‍ദേശം നല്കി. ഇന്നലെ രാത്രി മുതൽ ഡൽഹിയിൽ മഴ കനക്കുകയാണ്.