റിയാദ് : സൗദി പ്രോ ലീഗ് ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ഫുട്ബോൾ ലീഗുകളിലൊന്നാകുമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഞാൻ ഇവിടെ സന്തോഷവാനാണ്. ഇവിടെത്തന്നെ തുടരാനാണ് ആഗ്രഹം. ഈ ലീഗ് മികച്ചതാകും’–- മുപ്പത്തെട്ടുകാരൻ കൂട്ടിച്ചേർത്തു. ക്ലബ് വിട്ടേക്കുമെന്ന വാർത്തകൾക്കിടെയാണ് അടുത്ത സീസണിലും കളിക്കുമെന്ന് മുപ്പത്തെട്ടുകാരൻ വ്യക്തമാക്കിയത്.
കഴിഞ്ഞ ഡിസംബറിലാണ് പോർച്ചുഗീസുകാരൻ സൗദി ക്ലബ് അൽ നാസെറിൽ ചേർന്നത്. ലയണൽ മെസി, കരിം ബെൻസെമ, ലൂക്കാ മോഡ്രിച്ച് എന്നിവരും സൗദി ലീഗിൽ കളിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഈ സാഹചര്യത്തിൽ എല്ലാവരെയും സൗദിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു റൊണാൾഡോയുടെ പ്രതികരണം. യുവതാരങ്ങളും മുതിർന്ന താരങ്ങളും ഉൾപ്പെട്ട വമ്പൻ പേരുകാർ വന്നാൽ സൗദി പ്രോ ലീഗ് ഇനിയും മെച്ചപ്പെടുമെന്ന് റൊണാൾഡോ പറഞ്ഞു. ‘ഈ ലീഗ് വളരെ മികച്ചതാണ്. മികച്ച ടീമുകളുണ്ട്. മികച്ച അറബ് താരങ്ങളും. ഇനിയും ചില മേഖലകളിൽ മെച്ചപ്പെടാനുണ്ട്. പ്രത്യേകിച്ചും റഫറീയിങ്ങും വാർ സംവിധാനവും’–- റൊണാൾഡോ പറഞ്ഞു.
റൊണാൾഡോയുടെ കരാർ 2025 വരെയാണ്. ഈ സീസണിൽ അൽ നാസെറിന് പ്രധാന നേട്ടങ്ങളൊന്നുമുണ്ടായില്ല . ഫോബ്സിന്റെ കണക്കുപ്രകാരം ഏറ്റവും കൂടുതൽ വരുമാനമുള്ള കായികതാരമാണ് റൊണാൾഡോ. വൻതുകയാണ് അൽ നാസെർ പ്രതിഫലമായി നൽകുന്നത്.