ന്യൂഡല്‍ഹി: ഐപിഎല്ലില്‍ രോഹിത് ശര്‍മ അടുത്തവര്‍ഷം ചെന്നൈ സൂപ്പര്‍ കിങ്സിനുവേണ്ടി കളിക്കുമെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോണ്‍. ചെന്നൈയില്‍ ഋതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍ സ്ഥാനം 2024 സീസണില്‍ മാത്രമായിരിക്കും. ധോണിക്ക് പകരക്കാരനായിട്ടായിരിക്കും രോഹിത്തിനെ ചെന്നൈ വിളിച്ചെടുക്കുകയെന്നും മൈക്കില്‍ വോണ്‍ പറഞ്ഞു.
ചെന്നൈക്ക് അതിന്റെ പാരമ്പര്യം നിലനിര്‍ത്തേണ്ടതിനാല്‍ അടുത്തവര്‍ഷത്തെ ഐ.പി.എല്‍. ലേലത്തില്‍ രോഹിത്തിനെ വിളിച്ചെടുക്കുമെന്നാണ് വോണ്‍ പറയുന്നത്. ‘അവന് ധോണിക്ക് പകരമായി ചെന്നൈയില്‍ പോകുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഗെയ്ക്വാദ് ഈവര്‍ഷം ക്യാപ്റ്റന്‍ പദവി വഹിക്കും’-യൂട്യൂബര്‍ രണ്‍വീര്‍ അലഹബാദിയയുമായുള്ള പോഡ്കാസ്റ്റ് ഷോയ്ക്കിടെ വോണ്‍ പറഞ്ഞു.
ധോണി അടുത്തവര്‍ഷം കളിക്കാരനായി ചെന്നൈയിലുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. വിരമിച്ചാൽ ചെന്നൈയുടെ മറ്റു ചുമതലകളില്‍ ധോണിയുണ്ടാവുമെന്നാണ് പ്രതീക്ഷ. മുംബൈയില്‍ രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കി നിശ്ചയിച്ചത് വലിയ ആരാധക രോഷങ്ങള്ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു.