മുംബൈ: ഐപിഎല്ലിനിടെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ബാറ്റർ ദിനേഷ് കാർത്തികിനെ ട്രോളി മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ. വാങ്കഡേയിൽ ആർസിബി– മുംബൈ മത്സരത്തിനിടെയാണു സംഭവം. ഫീൽഡ് ചെയ്യുകയായിരുന്ന രോഹിത് ദിനേഷ് കാർത്തികിന് സമീപത്ത് എത്തി ‘സബാഷ് ഡികെ, നിങ്ങൾ ലോകകപ്പ് കളിക്കണം’ എന്നു പറയുകയായിരുന്നു. സ്റ്റംപ് മൈക്കിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന്റെ വാക്കുകൾ പതിഞ്ഞത്.
മത്സരത്തില്‍ 23 പന്തുകൾ നേരിട്ട ദിനേഷ് കാർത്തിക്ക് 53 റൺസുമായി പുറത്താകാതെനിന്നു. നാല് സിക്സറുകളും അഞ്ച് ഫോറുകളുമാണു താരം നേടി. മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ബെംഗളൂരു എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 15.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ മുംബൈ വിജയത്തിലെത്തി.
2022 ടി ട്വന്റി ലോകകപ്പ് ടീമിൽ ദിനേശ് കാർത്തികുമുണ്ടായിരുന്നു. ഐപിഎല്ലിൽ ബെംഗളൂരുവിന് വേണ്ടി ഫിനിഷർ റോളിൽ നടത്തിയ പ്രകടനമായിരുന്നു ദീർഘകാലത്തിന് ശേഷം ഇന്ത്യൻ ടീമിലേക്കുള്ള വഴി തെളിച്ചത്. പക്ഷെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. വിക്കറ്റ് കീപ്പറും ഫിനിഷറും കൂടിയായതിനാൽ ഋഷഭ് പന്ത്, സഞ്ജു സാംസൺ, കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ, ധ്രുവ് ജുറേൽ, ജിതേഷ് ശർമ തുടങ്ങിയ യുവതാരങ്ങളുമായി മത്സരിക്കാനും താരത്തിനായേക്കും.