മുംബൈ: മുംബൈ ഇന്ത്യൻസിൽ ക്യാപ്റ്റൻസി വിവാദം സൃഷ്ടിച്ച അലയൊലികൾ അവസാനിക്കുന്നില്ല. അഞ്ച് വട്ടം മുംബൈയെ ചാമ്പ്യന്മാരാക്കിയ രോഹിത്ത് അടുത്ത വർഷത്തോടെ ടീം വിട്ട് മെഗാ ലേലത്തിൽ പങ്കെടുത്തേക്കുമെന്നാണ് പുറത്ത് വരുന്ന അഭ്യൂഹങ്ങൾ. ഈ സീസണിൽ ഹർദിക് പാണ്ഡ്യയെ മുംബൈ ക്യാപ്റ്റനാക്കിയതിന് പിന്നാലെ രോഹിത് ടീം വിടുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ രോഹിത്തോ മുംബൈ ടീം അധികൃതരോ വിഷയത്തിൽ പ്രതികരിച്ചില്ല.
സീസണിലെ ആദ്യ 3 മത്സരങ്ങളും മുംബൈ തോറ്റതിന് പിന്നാലെ ടീമിൽ പ്രശ്നങ്ങളുണ്ടെന്നും താരങ്ങളിൽ പലരും സന്തുഷ്ടരല്ലെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ സാഹചര്യത്തിലാണ് മുപ്പത്തിയാറുകാരനായ രോഹിത് മുംബൈ വിടാൻ താൽപര്യം അറിയിച്ചെന്നും അടുത്ത വർഷത്തെ ലേലത്തിൽ പങ്കെടുത്തേക്കുമെന്നുള്ള വാർത്തകൾ പ്രചരിക്കുന്നത്.