തിരുവനന്തപുരം: പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തിയ റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരം നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പെർമിറ്റ് റദ്ദാക്കിയത്. 2023 ലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് നടപടി.
കോഴിക്കോട് സ്വദേശിയായ കെ. കിഷോർ എന്നയാളിന്റെ പേരിലാണ് ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നൽകിയിരിക്കുകയായിരുന്നു. തുടർച്ചയായി പെർമിറ്റ് ലംഘിച്ച് സർവീസ് നടത്തി എന്നാരോപിച്ച് റോബിൻ ബസ് കഴിഞ്ഞ ദിവസം മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്ത് പത്തനംതിട്ട പോലീസ് ക്യാന്പിലേക്ക് മാറ്റിയിരുന്നു. പെർമിറ്റ് ലംഘിച്ചതിന് ബസിനെതിരെ കേസെടുക്കുകയും ചെയ്തു. ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളും മോട്ടർ വാഹന വകുപ്പ് സ്വീകരിച്ചിരുന്നു.