കാസര്‍കോട്: റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം. കാസര്‍കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണനെയാണ് ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി സ്ഥലംമാറ്റിയത്. അതേസമയം, ആറുമാസം മുന്‍പ് തന്നെ സ്ഥലം മാറ്റത്തിന് അപേക്ഷ നല്‍കിയിരുന്നെന്നും ഇതിന്റെ സ്വാഭാവിക നടപടി മാത്രമാണ് ഇതെന്നുമാണ് ലഭിക്കുന്ന വിശദീകരണം.
റിയാസ് മൗലവി കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ട നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വധക്കേസിൽ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമെന്ന് സർക്കാരിന്റെ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. പ്രോസിക്യൂഷൻ ശക്തമായ തെളിവുകൾ ഹാജരാക്കിയിട്ടും പ്രതികളെ വെറുതെ വിടാൻ ദുർബലമായ കാരണങ്ങൾ വിചാരണ കോടതി കണ്ടെത്തിയെന്നും അപ്പീലിൽ പറയുന്നു. റിയാസ് മൗലവി വധക്കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളെ കോടതി വെറുതെവിട്ടത് സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. പ്രതിപക്ഷം ഇത് ആയുധമാക്കുകയും ചെയ്തിരുന്നു.