കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ താരം റിഷഭ് പന്ത് ഐപിഎല്ലില്‍ കളിക്കുന്ന കാര്യം സ്ഥിരീകരിച്ച് ബിസിസിഐ. പതിനാല് മാസത്തിന് ശേഷം വിക്കറ്റ് കീപ്പറായി ഐപിഎല്ലില്‍ കളിക്കാന്‍ പന്ത് ശാരീരിക ക്ഷമത വീണ്ടെടുത്തതായി ബിസിസിഐ അറിയിച്ചു. 2022 ഡിസംബര്‍ 30ന് ഉത്തരാഖണ്ഡിലെ റൂര്‍ക്കെയില്‍ വെച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നായിരുന്നു പന്തിന് ഗുരുതരമായി പരിക്കേറ്റത്. ബെംഗളൂരു ക്രിക്കറ്റ് അക്കാദമിയിലായിരുന്നു പന്ത് പരിശീലിച്ചിരുന്നത്.
ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമായ പന്ത് പരിക്ക് മൂലം കഴിഞ്ഞ സീസണ് കളിച്ചിരുന്നില്ല. പുതിയ സീസണില്‍ നായകനായി ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറെ ഡല്‍ഹി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നേരത്തെ പന്ത് സീസണിലെ എല്ലാ മത്സരവും കളിക്കില്ലെന്നും ഇംപാക്ട് പ്ലയറായി താരത്തെ കളിപ്പിക്കാനാണ് ഡല്‍ഹി ഉദ്ദേശിക്കുന്നത് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ടീമിലെ വിക്കറ്റ് കീപ്പിംങ് സ്ഥാനത്തേക്കും പന്തിനെ പരിഗണിച്ചേക്കില്ല എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അതേസമയം, പരുക്കിനെ തുടര്‍ന്ന് ചികിത്സയിലുള്ള പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി എന്നിവര്‍ക്ക് ഐപിഎല്‍ കളിക്കാന്‍ ബിസിസിഐ അനുമതി നല്‍കിയിട്ടില്ല.