തിരുവനന്തപുരം : കേരളത്തിന്റെ നികുതി വരുമാനം കൂടിയെന്ന് സിഎജി റിപ്പോര്‍ട്ട്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ തനത് നികുതി വരുമാനത്തില്‍ 23.36 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 71,968.16 കോടിയായാണ് തനത് നികുതി വരുമാനം ഉയര്‍ന്നത്. നികുതിയേതര വരുമാനത്തിലും വര്‍ധന ഉണ്ടായി. 44.50 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 15,117.96 കോടിയായി നികുതിയേതര വരുമാനം വര്‍ധിച്ചതായും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വരവ് 13.79 ശതമാനം വര്‍ധിച്ച് 1.32 ലക്ഷം കോടിയായാണ് ഉയര്‍ന്നത്. 2022-23ല്‍ സംസ്ഥാനത്തിന്റെ മൊത്തം ചെലവ് കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ചെലവില്‍ 2.75 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. 1.58 ലക്ഷം കോടിയായാണ് ചെലവ് കുറഞ്ഞത്. ശമ്പളം, പെന്ഷന്, പലിശച്ചെലവ് എന്നിവയ്ക്ക് മാത്രം ചെലവഴിക്കുന്നതില്‍ 5325 കോടിയുടെ കുറവാണ് ഉണ്ടായത്. 90,656.05 കോടിയായാണ് ചെലവ് കുറഞ്ഞത്. ഇക്കാലയളവില്‍ മൂലധനച്ചെലവും താഴ്ന്നു. 195 കോടി കുറഞ്ഞ് 1,39,996. 56 കോടിയായാണ് മൂലധനച്ചെലവ് കുറഞ്ഞത്. റവന്യൂകമ്മിയും ധനകമ്മിയും കുറഞ്ഞത് സംസ്ഥാനത്തിന് ആശ്വാസമായി. റവന്യൂകമ്മി 68.77 ശതമാനം കുറഞ്ഞ് 29,539.27 കോടിയില്‍ നിന്ന് 9226.28 കോടിയായി. ധനക്കമ്മിയില്‍ 44.50 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 46,045 കോടിയില്‍ നിന്ന് 25,554 കോടിയായാണ് ധനക്കമ്മി കുറഞ്ഞതെന്നും സിഎജി കണക്കുകള്‍ വ്യക്തമാക്കുന്നു.
ലോട്ടറിയില്‍ നിന്നുള്ള വരുമാനം 9135 കോടിയില്‍ നിന്ന് 13,553 കോടിയായി ഉയര്‍ന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസഹായം 8.79 ശതമാനം കുറഞ്ഞതായും സിഎജി കണക്കുകള്‍ വ്യക്തമാക്കുന്നു. 47,837 കോടിയില്‍ നിന്ന് 46,638 കോടിയായാണ് കേന്ദ്രസഹായം കുറഞ്ഞത്. അതേസമയം കേരളത്തിന്റെ തിരിച്ചയട്ക്കാന്‍ ബാക്കിയുള്ള പൊതുകടം 2.52 ലക്ഷം കോടിയായെന്നും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2018 മുതല്‍ 2023 വരെ 94,271.83 കോടിയാണ് കൂടിയത്. കടം കൂടി വരുന്ന പ്രവണത ഭാവിയില്‍ കടത്തിന്റെ സുസ്ഥിരതയെ പ്രതികൂലമായി ബാധിക്കുമെന്നും സിഎജി ഓര്‍മ്മിപ്പിച്ചു.