ഇടുക്കി: ചിന്നക്കനാലിലെ ഭൂമികൈയേറ്റത്തിന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടനെതിരേ റവന്യുവകുപ്പ് കേസെടുത്തു. ഹിയറിംഗിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മാത്യുവിന് നോട്ടീസ് നല്കി. ഭൂ സംരക്ഷണ നിയമപ്രകാരമാണ് കേസ്.
ചിന്നക്കനാലില്‍ മാത്യു വാങ്ങിയ സ്ഥലത്തോട് ചേര്‍ന്ന് 50 സെന്റ് പുറംപോക്ക് ഭൂമി കൈയേറിയതായി വിജിലന്‍സും റവന്യു വകുപ്പും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ അധികമുള്ള ഭൂമി സംബന്ധിച്ച് എന്ത് തീരുമാനമെടുക്കണമെന്ന് നിര്‍ദേശിക്കാന്‍ ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്കി.
ഭൂസംരക്ഷണ നിയമപ്രകാരം കേസെടുത്ത് തുടര്‍നടപടി സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അധികഭൂമി സംബന്ധിച്ച മാത്യുവിന്റെ വിശദീകരണം കേള്‍ക്കാനാണ് ഹിയറിംഗിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് റവന്യു വകുപ്പ് കടക്കും.