കൊച്ചി : വിരമിച്ച ഹൈക്കോടതി ജഡ്ജിയില്‍ നിന്നും ഓണ്‍ലൈനായി 90 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതികളെ കൊച്ചി സൈബര്‍ പൊലീസ് പിടികൂടി. കോഴിക്കോട് വടകര സ്വദേശികളായ മിര്‍ഷാദ്, മുഹമ്മദ് ഷര്‍ജില്‍ എന്നിവരാണ് പിടിയിലായത്. തൃപ്പൂണിത്തുറ എരൂര്‍ അമൃത ലെയ്ന്‍ സ്വപ്നത്തില്‍ ശശിധരന് നമ്പ്യാര്‍ക്കാണ് പണം നഷ്ടമായത്. ഓണ്‍ലൈന്‍ ട്രേഡിങ് വഴി 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
പ്രതികള്‍ക്ക് കംബോഡിയ, ചൈന കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ ആറ് പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ സംഘങ്ങളില്‍ നിന്ന് പ്രതിഫലമായി 30 ലക്ഷം രൂപ ഇവര്‍ക്ക് കിട്ടിയതായും പൊലീസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്ത് ഇവരാണ് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്
ആദിത്യ ബിര്‍ള ഇക്വിറ്റി ലേണിങ് എന്ന പേരിലുള്ള ഓഹരിവിപണി സംബന്ധിച്ച വാട്സാപ്പ് ഗ്രൂപ്പില്‍ റിട്ട. ജഡ്ജിയെ അംഗമാക്കിയിരുന്നു. തുടര്‍ന്ന് പണം നിക്ഷേപിച്ചാല്‍ 850 ശതമാനം ലാഭം ലഭിക്കുമെന്ന വാഗ്ദാനമുണ്ടായി. ഗ്രൂപ്പില്‍ തന്നെ പങ്കുവെച്ച ലിങ്കിലേക്ക് ജഡ്ജി പണം കൈമാറുകയും ചെയ്തു. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിനും 30-നും ഇടയ്ക്ക് ജഡ്ജിയുടെ പല അക്കൗണ്ടുകളില്‍ നിന്നായി 90 ലക്ഷം രൂപ തട്ടിപ്പുകാര്‍ കൈക്കലാക്കി. എന്നാല്‍, വാഗ്ദാനം ചെയ്ത ലാഭവിഹിതമോ, നല്കിയ പണമോ തിരികെ ലഭിച്ചില്ല. തുടര്‍ന്ന് തൃപ്പൂണിത്തുറ ഹില്‍പ്പാലസ്പൊലീസ് സ്റ്റേഷനില്‍ ഈ മാസം അഞ്ചിന് പരാതി നല്കി. തുടര്‍ന്ന് കേസ് സൈബര്‍ പൊലീസിന് കൈമാറുകയായിരുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ വ്യാജ വെബ്സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താന്‍ ആവശ്യപ്പെടുന്നു. തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിക്കുന്നവര്‍ക്കുപോലും തട്ടിപ്പുകാര്‍ അമിത ലാഭം നല്‍കും. നിക്ഷേപിച്ചതിനെക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്ക്രീന്‍ഷോട്ട് നല്‍കും. ഒടുവില്‍ പണം പിന്‍വലിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ജിഎസ്ടിയുടെയും നികുതിയുടെയും മറവില്‍ കൂടുതല്‍ പണം തട്ടിയെടുക്കുന്നു.
നിങ്ങള്‍ക്ക് ലഭിച്ചതായി കാണിക്കുന്ന വന്‍ തുക സ്ക്രീനില്‍ മാത്രമേ കാണാന്‍ കഴിയൂ. ഒരിക്കലും ആ തുക നിങ്ങള്‍ക്ക് പിന്‍വലിക്കാന്‍ കഴിയില്ല. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകംതന്നെ വിവരം 1930 എന്ന നമ്പറില്‍ ബന്ധപ്പെട്ട് സൈബര്‍ പൊലീസിനെ അറിയിക്കണമെന്ന് പൊലീസ് വ്യക്തമാക്കുന്നു.