വാംഖഡെ: മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തുനിന്ന് രോഹിത് ശര്‍മയെ മാറ്റിയ നടപടിയില്‍ ആരാധകരുടെ വികാരത്തെ ബഹുമാനിക്കുന്നുവെന്ന് ഹാര്‍ദിക് പാണ്ഡ്യ. കരിയര്‍ മുഴുവന്‍ അദ്ദേഹത്തിന് കീഴിലാണ് കളിച്ചതെന്നും അദ്ദേഹം എന്നും എന്നെ ചേര്‍ത്തുപിടിക്കുമെന്ന് അറിയാമെന്നും ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു. മുംബൈയെ രോഹിത് ശര്‍മയ്ക്ക് പകരം ഹാര്‍ദിക് പാണ്ഡ്യയാണ് ഐപിഎല്‍ പുതിയ സീസണില്‍ നയിക്കുന്നത്. രോഹിത്തിനെ നായക സ്ഥാനത്ത് നിന്ന് മാറ്റിയതിൽ ആരാധകർ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഗുജറാത്ത് നായകനായിരുന്ന ഹാർദിക്കിനെ ഈ സീസണിലാണ് മുംബൈ ടീമിലെത്തിച്ചത്.
മാര്‍ച്ച് 22-നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. 2013-മുതല്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ച രോഹിത് മുംബൈക്കായി അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 2013, 2015, 2017, 2019, 2020 വര്‍ഷങ്ങളിലാണ് രോഹിത്തിന് കീഴില്‍ ടീം ഐപിഎല്‍ ചാമ്പ്യന്മാരായത്. മുംബൈ ടീമിനൊപ്പം നാല് തവണ ഐപിഎല്‍ കിരീടം നേടിയ ഹാര്‍ദിക് ഗുജറാത്ത് ടൈറ്റന്‍സിനായി 2022-ലും കിരീടം നേടി. 2022, 2023 സീസണുകളില്‍ ഗുജറാത്തിനായി 31 മത്സരങ്ങള്‍ കളിച്ച ഹാര്‍ദിക് 833 റണ്‍സും 11 വിക്കറ്റുകളും നേടി. കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണുകളിലും ഹാര്‍ദിക്കിന് കീഴില്‍ ഗുജറാത്ത് ഫൈനലിലെത്തിയിരുന്നു. ഇതോടെയാണ് ഭാവി മുന്നിൽ കണ്ടുള്ള ഹാർദിക്കിനെ നായകനാക്കാനുള്ള മുംബൈയുടെ തീരുമാനം.