തൃശൂര്‍ : ലെവല്‍ ക്രോസിനെ തുടര്‍ന്ന് അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് മാറ്റം വേണമെന്ന നീണ്ടക്കാലത്തെ ആവശ്യത്തിന് പരിഹാരമായി ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു.
നാടിന്റെ വികസനത്തിനും നാട്ടുകാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് സര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. റെയില്‍വേ മേല്‍പ്പാലം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കിഫ്ബിയെയും കിഫ്ബി പദ്ധതികളെയും എതിര്‍ക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം. നാടിന് ഗുണകരമായ വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞത് കിഫ്ബി ഫണ്ടുകള്‍ വിനിയോഗിച്ചാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗുരുവായൂരിന്റെ തിളക്കമാര്‍ന്ന മുഖമായി റെയില്‍വേ മേല്‍പ്പാലത്തിന് മാറാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരളത്തിന് വഴികാട്ടിയാവുകയാണ് ഗുരുവായൂരെന്ന് ചടങ്ങില്‍ അധ്യക്ഷനായ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. ലെവല്‍ ക്രോസ്സ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 72 പാലങ്ങള്‍ സംസ്ഥാനത്ത് നിര്‍മ്മിക്കും. നവകേരള സദസ്സിന് മുന്നോടിയായുള്ള സമ്മാനമാണ് റെയില്‍വേ മേല്‍പ്പാലമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.റവന്യൂ മന്ത്രി കെ. രാജന്, എന്‍ കെ അക്ബര്‍ എംഎല്‍എ, ടി എന്‍ പ്രതാപന് എംപി എന്നിവര്‍ വിശിഷ്ടാതിഥികളായി.
ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ എംഎല്‍എമാരായ മുരളി പെരുനെല്ലി, ഇ ടി ടൈസണ്‍ മാസ്റ്റര്‍, പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാനും മുന്‍ എംഎല്‍എയുമായ കെ വി അബ്ദുള്‍ ഖാദര്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് വി കെ വിജയന്, കിഫ്ബി സിഇഒ ഡോ. കെ എം എബ്രഹാം, സതേണ്‍ റെയില്‍വേ ചീഫ് എഞ്ചിനീയര്‍ വി രാജഗോപാലന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി. നഗരസഭംഗങ്ങള്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, കരാറുകാര്‍ ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആര്‍ബിഡിസികെ ജനറല്‍ മാനേജര്‍ ടി എസ് സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ ആര്‍ബിഡിസികെ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് സ്വാഗതവും ഗുരുവായൂര്‍ നഗരസഭാ ചെയര്മാന് എം കൃഷ്ണദാസ് നന്ദിയും പറഞ്ഞു.