മുംബൈ: ഇന്ത്യയിലെ ചില ബാങ്കുകൾക്ക് സൈബർ ആക്രമണ ഭീഷണിയുണ്ടെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ്. ഇത്തരം അപകട സാധ്യതകൾ കുറയ്ക്കുന്നതിന് സുരക്ഷ വർധിപ്പിക്കാൻ ബാങ്കുകളോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടു. സെൻട്രൽ ബാങ്കിൻ്റെ സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെ (സിഎസ്ഐടിഇ) പരിശോധനയെ തുടർന്നാണ് ആർബിഐ മുന്നറിയിപ്പ്. പരിശോധനയിൽ പോരായ്മകൾ കണ്ടെത്തിയ ബാങ്കുകൾക്ക് ആർബിഐ പരിഹാര നടപടികൾ നിർദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണ സന്നദ്ധത, ഇൻ്റർനെറ്റ്, മൊബൈൽ ബാങ്കിങ് പ്ലാറ്റ്ഫോം, തട്ടിപ്പ് കണ്ടെത്തൽ, കാര്യക്ഷമത എന്നിവയുൾപ്പെടെ ബാങ്കുകളുടെ വിവിധ പ്രവർത്തനങ്ങൾ ആർബിഐ നിരീക്ഷണത്തിലാണ്.
ആദ്യമായല്ല റിസർവ് ബാങ്ക് സൈബർ സുരക്ഷയുടെ കാര്യത്തിൽ മുന്നറിയിപ്പ് നൽകുന്നത്. പുതിയ സൈബർ സുരക്ഷാ അപകടങ്ങളെ നേരിടാൻ ബാങ്കിങ് മേഖല തയ്യാറാവേണ്ടതുണ്ടെന്ന് ഫെബ്രുവരിയിൽ ആർബിഐ ഡെപ്യൂട്ടി ഗവർണർ ടി റാബി ശങ്കർ പറഞ്ഞിരുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ദുരുപയോഗത്തിൻ്റെ അപകടസാധ്യതകൾ തിരിച്ചറിയുന്നതിനും ലഘൂകരിക്കുന്നതിനും ബാങ്കുകൾക്ക് അവരുടെ എൻക്രിപ്റ്റ് ചെയ്ത സംവിധാനങ്ങൾ പൂർണ്ണമായും പുനർനിർമിക്കേണ്ടി വരുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.