ഷിരൂർ : കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്ന് ഒൻപതാം ദിവസത്തിലേക്ക്. തിരച്ചിലിനായുള്ള ബൂം മണ്ണുമാന്തി യന്ത്രം അപകടസ്ഥലത്തെത്തി. വലിയ ട്രെയിലറിലാണ് യന്ത്രം എത്തിച്ചത്. 12 മണിയോടെ മണ്ണുനീക്കിയുള്ള തിരച്ചിൽ തുടരുമെന്ന് കാർവാർ എംഎൽഎ പറഞ്ഞു. അർജുനെ കണ്ടെത്താന്‍ ഗംഗാവലി നദിയിൽ 60 അടി ആഴത്തിൽനിന്ന് ചെളി നീക്കി പരിശോധിക്കും.
ഡ്രോൺ ഉപയോഗിച്ച് ചെളിയിൽ പുതഞ്ഞ വസ്തുക്കളുടെ സിഗ്നൽ കണ്ടെത്താനുള്ള സംവിധാനം ഇന്ന് തിരച്ചിലിന് ഉപയോഗിക്കാനാവില്ല. ബാറ്ററി ഡൽഹിയിൽനിന്ന് എത്തിക്കാനുള്ള കാലതാമസമാണ് തടസമാകുന്നത്. വിമാനത്തിൽ എത്തിക്കുന്നതിന് തടസമുള്ളതിനാൽ രാജധാനി എക്സ്പ്രസിലാണ് ബാറ്ററി എത്തിക്കുന്നത്. ഈ ട്രെയിൻ നാളെ ഉച്ചയ്ക്കേ കാർവാറിൽ എത്തുവെന്നും എംഎൽഎ അറിയിച്ചു. ഗംഗാവലിപ്പുഴയിൽ റഡാർ സിഗ്നൽ ലഭിച്ച അതേ ഇടത്തുനിന്നു തന്നെ സോണാർ സിഗ്നൽ ലഭിച്ചതും നിർണായകമാണ്. നാവികസേന നടത്തിയ തിരച്ചിലിലാണ് സോണാർ സിഗ്നൽ കിട്ടിയത്. വെള്ളത്തിനടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും അവയുടെ സഞ്ചാരദിശ, വേഗം തുടങ്ങിയവ മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്ന ശബ്ദശാസ്ത്ര സംവിധാനമാണു സോണാർ. കണ്ടെത്തിയ രണ്ടു സിഗ്നലുകളും വലിയ വസ്തുവിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതിനാൽ ഇവിടം കേന്ദ്രീകരിച്ചാകും നാവികസേനയുടെ തിരച്ചിൽ.