മംഗളൂരു: കർണാടകയിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ അർജുനായി തിരച്ചിൽ തുടരുന്നു. പ്രദേശത്ത് റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സിഗ്നൽ ലഭിച്ചിട്ടുണ്ടെന്ന് എൻ.ഐ.ടി സംഘം അറിയിച്ചു. നേവി, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങൾ, പൊലീസ്, അഗ്നിശമനസേന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
പുഴയിലും വാഹനത്തിനായുള്ള തിരച്ചിൽ നടത്തുന്നുണ്ട്. നാല് വരിപാതയുടെ രണ്ടെണ്ണത്തിലെ മണ്ണ് നീക്കം ചെയ്തതിനാൽ കൂടുതൽ വാഹനങ്ങൾക്ക് സ്ഥലത്തേക്ക് എത്തിച്ചേരാൻ സാധിക്കുന്നുണ്ട്. പ്രദേശത്ത് മണ്ണിടിച്ചിൽ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ മൂന്ന് കിലോമീറ്ററിനപ്പുറം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി സംഭവസ്ഥലം സന്ദർശിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകട സ്ഥലം സന്ദർശിക്കും. ചൊവ്വാഴ്ചയാണു ചരക്കുമായി ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്കു വരുന്നതിനിടെ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ ലോറി ഡ്രൈിവര്‍ അര്‍ജുനെ കാണാതായത്. ഇതേ സമയത്ത് അങ്കോളയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിനകത്ത് യുവാവ് അകപ്പെട്ടതായാണു സംശയിക്കുന്നത്. അര്‍ജുനിനെ കാണാനില്ലെന്നു പറഞ്ഞു കുടുംബം പരാതി നല്‍കിയതിനു പിന്നാലെയാണു തിരച്ചില്‍ ആരംഭിച്ചത്.