തിരുവനന്തപുരം : ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷയുടെ ചോദ്യങ്ങൾ ചോർത്തി നൽകിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് ഫിഷറീസ് വകുപ്പ് മേധാവിയുടെ റിപ്പോർട്ട്. ചോദ്യം തയ്യാറാക്കുന്നവരിൽ നിന്ന് തന്നെ ചോദ്യം ചോർന്നുവെന്ന സൂചന നൽകുന്നതാണ് റിപ്പോർട്ട്.
പരാതിയിൽ കഴമ്പുള്ള പശ്ചാത്തലത്തിൽ ഫിഷറീസ് വകുപ്പിന് പുറത്തുള്ള സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഡയറക്ടറുടെ ശുപാർശയുണ്ട് റിപ്പോർട്ടിൽ. നിജസ്ഥിതി മനസ്സിലാക്കാനാണ് സ്വതന്ത്ര അന്വേഷണം ശുപാർശ ചെയ്തിരിക്കുന്നത്. ചോദ്യങ്ങൾ ചോർന്നതിൽ ആശങ്ക പ്രകടിപ്പിക്കുന്നതാണ് റിപ്പോർട്ടിൽ പറയുന്നു. ചോദ്യം തയ്യാറാക്കാൻ കുഫോസിനെ മാത്രം പരിമിതപ്പെടുത്തിയെന്നും റിപ്പോർട്ടിൽ സ്ഥിരീകരണം.
ചോദ്യപേപ്പർ ചോർത്തിയെന്ന് കാട്ടി നവകേരള സദസ്സിൽ നൽകിയ പരാതികൾ അതീവ ഗുരുതരമെന്നും റിപ്പോർട്ടിൽ പരാമർശം. സ്വതന്ത്ര അന്വേഷണം വേണമെന്ന് ശുപാർശ സമർപ്പിച്ച് എട്ടുമാസം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ തുടർ നടപടി സ്വീകരിച്ചിട്ടില്ല. ഫിഷറീസ് വകുപ്പിന് കീഴിലെ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിലേക്ക് നടന്ന നിയമനങ്ങളിലെ ചോദ്യപേപ്പർ ചോർത്തിയെന്നാണ് പരാതി. നവ കേരള സദസിൽ മുഖ്യമന്ത്രിക്ക് ലഭിച്ച കൂട്ട പരാതിയുടെ അടിസ്ഥാനത്തിൽ 24 നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതും ഞെട്ടിക്കുന്ന വിവരങ്ങൾ.