തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേ നടയിലെ നവീകരിച്ച മഞ്ജുളാല്‍ത്തറയും പുതിയ വെങ്കല ഗരുഡശില്പവും ഭക്തര്‍ക്ക് സമര്‍പ്പിച്ചു. ഗുരുവായൂരിലെത്തുന്ന പതിനായിരങ്ങള്‍ക്ക് പുതിയ മഞ്ജുളാല്‍ത്തറയും ഗരുഡശില്ലവും ഭക്ത്യാനന്ദമേകും.
മഞ്ജുളാല്‍ത്തറ നവീകരിച്ച് പുതിയ വെങ്കല ഗരുഡശില്പവും സ്ഥാപിച്ച് ദേവസ്വത്തിന് വഴിപാടായി സമര്‍പ്പിച്ചത് ചലച്ചിത്രനിര്‍മ്മാതാവ് കൂടിയായ വേണു കുന്നപ്പിളളിയാണ്. നവീകരിച്ച മഞ്ജുളാല്‍ത്തറയുടെ സമര്‍പ്പണ ചടങ്ങ് ഇന്നലെ രാവിലെ പത്തു മണിക്ക് നടന്നു. ചടങ്ങില്‍ ക്ഷേത്രം തന്ത്രി പി സി ദിനേശന് നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു.
ദേവസ്വം ചെയര്മാന് ഡോ.വി കെ വിജയന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഗുരുവായൂര്‍ നഗരസഭാ ചെയര്മാന് എം കൃഷ്ണദാസ് മുഖ്യാതിഥിയായി. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, കെ പി വിശ്വനാഥന് ,അഡ്മിനിസ്ട്രേറ്റര്‍ കെ പി വിനയന്, മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, സംവിധായകന് ഹരിഹരന്, വഴിപാടുകാരന് വേണു കുന്നപ്പള്ളി, നിര്‍മ്മാണ പ്രവൃത്തിയുടെ കോര്‍ഡിനേറ്റര്‍ ഉണ്ണി പാവറട്ടി എന്നിവര്‍ സന്നിഹിതരായി.