ആലപ്പുഴ: ബിജെപി നേതാവായ രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പതിനഞ്ച് പ്രതികൾക്കും വധശിക്ഷ. മറ്റ് വകുപ്പുകളിൽ ജീവപര്യന്തം തടവും പിഴയും കോടതി വിധിച്ചു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷാവിധി പറഞ്ഞത്. അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്.
കോടതി വിധിയിൽ തൃപ്തരാണെന്നും അത്യപൂർവമായ വിധിയാണെന്നും രഞ്ജിത് ശ്രീനിവാസന്റെ കുടുംബം പ്രതികരിച്ചു. പ്രോസിക്യൂഷന് കുടുംബം നന്ദി അറിയിച്ചു. ശിക്ഷാവിധി അപൂർവങ്ങളിൽ അപൂർവമാണെന്നും വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി. 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 12 പ്രതികൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തു. മൂന്നുപേർ ഗൂഢാലോചനയില് പങ്കാളികളായി. ഒന്നുമുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. ബാക്കി ഏഴ് പ്രതികൾ ക്രിമിനൽ ഗൂഢാലോചനയിൽ പങ്കെടുത്തു എന്നുമായിരുന്നു കോടതി കണ്ടെത്തിയത്.
നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൽ കലാം, സഫറുദ്ദീൻ, മുൻഷാദ്, ജസീബ് രാജ, നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ് എന്നിവരാണ് കേസിലെ പ്രതികൾ. എസ്.ഡി.പി.ഐ- പി.എഫ്.ഐ പ്രവർത്തകരാണ് പതിനഞ്ചുപേരും. 2021 ഡിസംബറിലാണ് ആലപ്പുഴ നഗരത്തെ ഞെട്ടിച്ച കൊലപാതക പരമ്പര നടക്കുന്നത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ് ഷാൻ പതിനെട്ടിന് രാത്രി കൊല്ലപ്പെട്ടു. പിറ്റേന്ന് രാവിലെയാണ് രഞ്ജിത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്.