പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ കാപ്പാ കേസ് പ്രതി സിപിഎമ്മില്‍ ചേര്‍ന്നു. മലയാപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രനാണ് പാര്‍ട്ടി അംഗത്വം എടുത്തത്. നടപടി വിവാദമായതോടെ സംഭവത്തില്‍ വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു രംഗത്തെത്തി. പൊതുപ്രവര്‍ത്തനത്തിന്റെ പേരിലാണ് ശരണ്‍ കേസില്‍ അകപ്പെട്ടതെന്നും നിലവില്‍ കാപ്പ കേസില്‍ പ്രതിയല്ലെന്നും ജില്ലാ കെപി ഉദയഭാനു പറഞ്ഞു.
‘ആര്‍എസ്എസിന് വേണ്ടി നടത്തിയ ആക്രമണങ്ങളിലാണ് ശരണ്‍ പ്രതിയായത്. ശബരിമല കേസില്‍ പ്രതിയാണ്. ആ പ്രസ്ഥാനം അവരെ ക്രിമിനലുകളായി ഉപയോഗിക്കുകയാണെന്നു മനസ്സിലായപ്പോഴാണ് അവര്‍ അത് ഉപേക്ഷിച്ചത്. ശരണ്‍ മാത്രമല്ല അദ്ദേഹത്തിനൊപ്പമുള്ള 63 ചെറുപ്പക്കാരും പ്രസ്ഥാനം വിട്ടു. ശരണിനെ നാടുകടത്തിയിട്ടില്ല. താക്കീത് ചെയ്തിട്ടേയുള്ളൂ. ശരണ്‍ ഇപ്പോള്‍ കാപ്പ കേസില്‍ പ്രതിയല്ല. കാപ്പ ഒരു പ്രത്യേക കാലായളവില്‍ മാത്രം ഉള്ളതാണ്. ആറുമാസം കഴിയുന്നതോടെ അത് തീര്‍ന്നു. കാപ്പ ചുമത്തിയാല്‍ അത് ജീവിതകാലം മുഴുവന്‍ അങ്ങനെ മുദ്രുകുത്താനുള്ളതല്ല. രാഷ്ട്രീയ കേസുകളില്‍പ്പെടുന്നവര്‍ക്കെതിരെ കാപ്പ ചുമത്തുന്നത് തെറ്റാണ്. സ്ത്രീയെ ആക്രമിച്ചെന്ന് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഉദയഭാനു പറഞ്ഞു.
റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ശരണിന്റെ പാര്‍ട്ടി പ്രവേശം. കഴിഞ്ഞ വര്‍ഷം കാപ്പ ചുമത്തപ്പെട്ട ശരണ്‍ ചന്ദ്രനെ നാടുകടത്താതെ വകുപ്പിലെ 15(3) പ്രകാരം താക്കീത് നല്കി വിട്ടു. എന്നാല്‍ പിന്നീട് പത്തനംതിട്ട സ്റ്റേഷനിലെ കേസില്‍ ഇയാള്‍ പ്രതിയായതോടെ കാപ്പ ലംഘിച്ചതിന് മലയാലപ്പുഴ അറസ്റ്റ് ചെയ്തു. ഇതില്‍ ജാമ്യം കിട്ടിയെങ്കിലും പത്തനംതിട്ടയിലെ കേസില്‍ റിമാന്‍ഡിലായി. ജൂണ്‍ 23നാണ് റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയത്. ശരണ്‍ നേരത്തെ യുവമോര്‍ച്ചയുടെ ഏരിയാ പ്രസിഡന്റായിരുന്നു. ശരണ്‍ ചന്ദ്രന് കാപ്പാ കേസിലും ഒട്ടേറെ ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. 60 പേര്‍ക്ക് അംഗത്വം നല്കിയ പരിപാടിയിലെ പ്രധാന അംഗമായാണ് ശരണ്‍ ചന്ദ്രന് എത്തിയത്.