ആലപ്പുഴ: രഞ്ജി ട്രോഫിയില്‍ യുപിക്കെതിരേ അപ്രതീക്ഷിത തകർച്ചയ്ക്കു പിന്നാലെ ലീഡ് വഴങ്ങി കേരളം. ആറിന് 220 റൺസ് എന്നനിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 243 റൺസിന് അവസാനിച്ചു.
വെറും 23 റണ്‍സിനിടെയാണ് ശേഷിക്കുന്ന നാല് വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായത്. തലേ ദിവസത്തെ സ്കോറിനോട് ഒരു റണ്‍ പോലും ചേര്‍ക്കാനാവാതെ ശ്രേയസ് ഗോപാല്‍ (36) ആദ്യം മടങ്ങി. തൊട്ടുപിന്നാലെ ജലജ് സക്സേനയും മടങ്ങിയതോടെ കേരളം പ്രതിരോധത്തിലായി. പിന്നാലെയെത്തിയ ബേസില്‍ തമ്പി (രണ്ട്), വൈശാഖ് ചന്ദ്രന് (അഞ്ച്) എന്നിവർ വന്നപോലെ മടങ്ങിയപ്പോൾ വാലറ്റത്ത് 15 റൺസെടുത്ത എം.ഡി. നിതീഷാണ് സ്കോർ 243ലെത്തിച്ചത്.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത യുപി 302 റണ്‍സ് നേടിയിരുന്നു. നിലവിൽ 59 റണ്‍സിന്റെ ലീഡാണ് യുപിക്കുള്ളത്. അങ്കിത് രജ്പുത് യുപിക്ക് വേണ്ടി അഞ്ച് വിക്കറ്റും കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും വീഴ്ത്തി. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 244 എന്ന നിലയിൽ രണ്ടാംദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഉത്തർപ്രദേശിന് 58 റണ്‍സുകൂടി ചേർക്കാനേ സാധിച്ചുള്ളൂ. ഇന്ത്യൻ താരം റിങ്കു സിംഗിന് (92) സെഞ്ചുറി തികയ്ക്കാൻ സാധിച്ചില്ല. ധ്രുവ് ജുറെൽ 63 റണ്‍സിനും പുറത്തായി. കേരളത്തിനായി എം.ഡി. നിധീഷ് മൂന്നും ബേസിൽ തന്പി, ജലജ് സക്സേന എന്നിവർ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.